ഇന്ത്യയിലെ ആദ്യത്തെ കോവിഡ് -19 രോഗിയായ ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്ക് വീണ്ടും പോസിറ്റീവായതായി ആരോഗ്യ അധികൃതർ തൃശൂരിൽ അറിയിച്ചു. പഠന ആവശ്യങ്ങൾക്കായി ന്യൂഡൽഹിയിലേക്ക് പോകാൻ വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് രണ്ടാമതും കോവിഡ് ബാധിതയാണെന്ന് മനസിലായത്. ഇതുവരെയും യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിട്ടില്ല.
2020 ജനുവരി 30 നാണ് വുഹാൻ സർവകലാശാലയിലെ ഈ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിക്ക് കോവിഡ് -19 ടെസ്റ്റ് ചെയ്തത്, സെമസ്റ്റർ അവധി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിലെ ആദ്യത്തെ COVID-19 രോഗിയായി അവർ സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെയും വാക്സിൻ സ്വീകരിച്ചിട്ടില്ല. ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ കെ ജെ റീന അറിയിച്ചു.