ക്ലബ് ഹൗസ് തരംഗത്തിന് പിന്നാലെ ഫേസ്ബുക്കിന്റെ ഓഡിയോ റൂം യു‌എസിൽ‌ ആരംഭിക്കുന്നു

ക്ലബ്‌ഹൌസ് എതിരാളിയായി ഫെയ്‌സ്ബുക്കിന്റെ ‘ലൈവ് ഓഡിയോ റൂംസ്’ യു എസിലെ ചില വ്യക്തികൾക്കും ചില ഗ്രൂപ്പുകൾക്കും  ഹോസ്റ്റിംഗ് റൂമുകൾ ആരംഭിക്കാൻ പാകത്തിൽ ജൂൺ 21 മുതൽ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 50 പേർക്ക് ഒരേസമയം സംസാരിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോം ആണ് ലൈവ് ഓഡിയോ റൂം. ക്ലബ്‌ ഹൌസ് റൂം ശ്രോതാക്കളുടെ എണ്ണത്തിൽ പരിമിതികൾ ചുമത്തുമ്പോൾ ഫേസ്ബുക്ക് ഓഡിയോ റൂമുകളിൽ എണ്ണത്തിൽ ഒരു പരിധിയും ഇല്ല. സുഹൃത്തുക്കൾ ഒരു റൂമിൽ ചേരുമ്പോൾ തത്സമയ അറിയിപ്പുകളും മറ്റും നല്കുന്ന ‘നിഫ്റ്റി’ എന്ന സവിശേഷതയും ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. റൂമുകളിൽ സംസാരിക്കുന്നതിന് “റൈസ് എ ഹാൻഡ് ” ബട്ടൺ ഉണ്ടാകും, കൂടാതെ ചാറ്റിലുടനീളം ഭാഗമാകുന്നതിനായി  റിയാക്ഷനുകളും ലഭ്യമായിരിക്കും. 


പബ്ലിക് ഗ്രൂപ്പ് ചാറ്റുകൾ‌ ഗ്രൂപ്പിലും പുറത്തും ആക്‌സസ് ചെയ്യാൻ‌ കഴിയും അതുപോലെ പ്രൈവറ്റ് ഗ്രൂപ്പ് ചാറ്റുകൾ‌ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തും. കൂടാതെ ഫണ്ട് റേസിങ്ങിനായി ഉപയോഗിക്കാവുന്ന നേരിട്ട് സംഭാവന നല്കാൻ സഹായിക്കുന്ന ബട്ടൺ ചാറ്റിൽ തന്നെ ഉണ്ടായിരിക്കും. ഫേസ്ബുക്ക് ഈ പ്ലാറ്റ്ഫോമിലൂടെ പോഡ്‌കാസ്റ്റുകളും ലഭ്യമാക്കുന്നു. വിവിധ പ്ലേബാക്ക് പ്ലേയറുകളും സ്‌ക്രീൻ പ്ലെയറും വഴി പോഡ്‌കാസ്റ്റ് ക്രിയേറ്റർസിന്റെ പേജുകളിൽ നിന്നും ആളുകൾക്ക് പോഡ്‌കാസ്റ്റുകൾ കേൾക്കാൻ കഴിയും. റിയാക്റ്റ് ചെയ്യാനും കമെൻറ് ചെയ്യാനുമൊക്കെയുള്ള  ഓപ്ഷനുകൾ ഉണ്ടായിരിക്കുന്നതാണ്. സ്‌പോട്ടിഫൈയുടെ സ്വന്തം തത്സമയ ഓഡിയോ അപ്ലിക്കേഷനായ ഗ്രീൻറൂമിന്റെ അരങ്ങേറ്റം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ സവിശേഷതകളെല്ലാം വരുന്നത്


ലൈവ് ഓഡിയോ റൂമുകളിൽ സ്വാധീനം ചെലുത്തുന്നവരുടെ വിശാലമായ നെറ്റ്‌വർക്കിങ് ആണ് ഫേസ്ബുക്ക് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ഓഡിയോ റൂം ലഭ്യമാകുന്ന സെലിബ്രിറ്റികൾ സംഗീതജ്ഞരും (ടോക്കിമോൺസ്റ്റ, ഡി സ്മോക്ക്, കെഹ്‌ലാനി); മാധ്യമ പ്രവർത്തകരും (ജോ ബുഡൻ, ഡിറേ മക്കെസൺ); അത്ലറ്റുകൾ (റസ്സൽ വിൽസൺ, ഒമറെലോഫ്) ഒക്കെയാണ്. ജോ ബുഡൻ തന്റെ പോഡ്‌കാസ്റ്റുകൾ ഫേസ്ബുക്ക് വഴി വിതരണം ചെയ്യും.