‘ദി റിയൽ ചക് ദേ ഇന്ത്യ’: ഒളിമ്പിക്സ് വനിത ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലിൽ

ടോക്കിയോ ഒളിംപിക്സില്‍ വനിത ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലിൽ. ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മറികടന്നത്. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കോർണർ സമർഥമായി വലയിലെത്തിക്കുകയായിരുന്നു മികച്ച ഡ്രാഗ് ഫ്ളിക്കറായ ഗുർജിത്ത്. ഈ ഒരു ഗോൾ ലീഡ് വെച്ച് കേളികേട്ട ഓസ്‌ട്രേലിയൻ മുൻ നിരയെ ഇന്ത്യൻ പ്രതിരോധം സമർത്ഥമായി വരിഞ്ഞു മുറുക്കി. ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിവച്ചത്. ഓഗസ്റ്റ് നാലിന് നടക്കുന്ന സെമിഫൈനലിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ.