അയ്യപ്പനും കോശിക്കും പിന്നാലെ നായാട്ടിന്‍റെ ഹിന്ദി റീമേക്ക് സ്വന്തമാക്കി ജോണ്‍ എബ്രഹാം

അയ്യപ്പനും കോശിക്കും പിന്നാലെ നായാട്ടിന്റെയും ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോളിവുഡ് നടനും നിർമ്മാതാവുമായ ജോണ്‍ എബ്രഹാം. ചിത്രത്തിന്റെ തെലുങ്കു റീമേക്കിനുള്ള റൈറ്റ്‌സ് അല്ലു അർജുൻ സ്വന്തമാക്കിയതായി നായാട്ടിന്റെ സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരു എന്റര്‍ട്ടെയിന്‍മെന്റ് പോര്‍ട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തമിഴിലും സിനിമ വരുന്നു എന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഏപ്രില്‍ 8നാണ് നായാട്ട് തിയറ്ററില്‍ റിലീസ് ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ ചിത്രത്തിന്റെ തീയറ്റർ പ്രദര്‍ശനം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്തു.പ്രശസ്ത രാജ്യാന്തര പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ടൈംസ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തെരഞ്ഞെടുത്ത കാണേണ്ട അഞ്ച് സിനിമകളില്‍ നായാട്ടും ഇടം നേടിയിരുന്നു.

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ ‘ജോസഫി’ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു.