“ബ്രോ ഡാഡി” മോഹൻലാൽ – പൃഥ്വിരാജ് ചിത്രം: പ്രതീക്ഷയോടെ സിനിമ പ്രേമികൾ

എമ്പുരാന് മുമ്പ് പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കുന്നു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പൃഥ്വിയും നായകനായി എത്തുന്നു. പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓൾഡ്‌മൊങ്ക്‌സ് ഡിസൈനിലെ എൻ.ശ്രീജിത്തും, ബിബിൻ മാളിയേക്കലുമാണ് തിരക്കഥ. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവർ ചിത്രത്തിലുണ്ടാകും.


അഭിനന്ദൻ രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും. വാവയാണ് മുഖ്യസഹസംവിധാനം. ഗോകുൽ ദാസ് കലാസംവിധാനം അഖിലേഷ് മോഹൻ എഡിറ്റർ. സിനറ്റ് സേവ്യർ സ്റ്റിൽസ്. ശ്രീജിത് ഗുരുവായൂർ മേക്കപ്പ്. കോസ്‌റ്റ്യൂംസ് സുജിത് സുധാകരൻ.

മലയാള സിനിമയിലെ നൂറു കോടി കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം. അതിനു ശേഷം പൃഥ്വിരാജ് ഒരുക്കാൻ ഇരുന്നതും മോഹൻലാൽ തന്നെ നായകനായ എമ്പുരാൻ എന്ന ചിത്രമായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം. എന്നാൽ വിദേശത്തു ഷൂട്ടിംഗ് നടത്തേണ്ട ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം വൈകിയതോടെയാണ് പൃഥ്വിരാജ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി പുതിയൊരു ചിത്രം പ്രഖ്യാപിച്ചത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഫൺ ഫാമിലി എന്റെർറ്റൈനെർ ആയിരിക്കുമെന്ന് സംവിധായകൻ കൂടിയായ പൃഥ്വിരാജ് പറഞ്ഞു. എന്തായാലും പൃഥ്വിരാജിന്റെ പ്രഖ്യാപനത്തോടെ ഏറെ ആവേശത്തിലാണ് സിനിമ പ്രേമികൾ, ലൂസിഫറിന് ശേഷം മറ്റൊരു മെഗാ ഹിറ്റിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നത് ശ്രമകരമായ ദൗത്യം ആയിരിക്കുമെന്ന് സിനിമ നിരൂപകർ വിലയിരുത്തുന്നു.