മാലാഖയായി ഡി മരിയ; മരക്കാനയിൽ കാനറിക്കിളികളെ നിശബ്‌ദരാക്കി മെസ്സിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി

ഫുട്‌ബോൾ ലോകം ആകാംക്ഷയോടെയും, ആവേശത്തോടെയും കാത്തിരുന്ന ബ്രസീൽ അർജന്റീന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ കിരീടം സ്വന്തമാക്കി അർജന്റീന. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം.
അർജന്റീന ജേഴ്സിയിൽ ഒരു കിരീടമെന്ന ലയണൽ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു. ബ്രസീലിന്റെ മണ്ണിൽ തന്നെ കിരീടം നേടാനും ടീമിനായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നീലപ്പട കാനറികളുടെ ചിറകരിഞ്ഞത്.

കിക്കോഫ് മുതൽ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ഗോൾ മത്സരത്തിന്റെ ഫലം നിശ്ചയിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ റോഡ്രിഡോ ഡി പോൾ നീട്ടിനൽകിയ ഒരു പാസിൽ നിന്നായിരുന്നു ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ. പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

29-ാം മിനുറ്റിൽ മരിയ-മെസി സഖ്യം തുടക്കമിട്ട നീക്കം ബ്രസീൽ പ്രതിരോധം നിർവീര്യമാക്കി. തൊട്ടുപിന്നാലെയും ആക്രമണങ്ങൾ കൊണ്ട് അർജൻറീന കളംനിറഞ്ഞു. നെയ്‌മറെ 33-ാം മിനുറ്റിൽ ഫൗൾ ചെയ്ത പരേഡസ് മഞ്ഞക്കാർഡ് കണ്ടെങ്കിലും ബോക്സിന് പുറത്തുനിന്നുള്ള ഫ്രീകിക്ക് നെയ്‌മർക്ക് മുതലാക്കാനായില്ല. 43-ാം മിനുറ്റിൽ ബ്രസീലിനെ ഒപ്പമെത്തിക്കാൻ എവർട്ടൻ ശ്രമിച്ചെങ്കിലും മാർട്ടിനസ് അനായാസമായി പന്ത് പിടികൂടി. പിന്നാലെ ലഭിച്ച കോർണ‍ർ കിക്കും ബ്രസീലിന് ഗുണകരമായില്ല. ഇതോടെ മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു.

ആദ്യ പകുതിയേക്കാൾ മികച്ച മുന്നേറ്റങ്ങൾ ബ്രസീൽ നടത്തിയത് രണ്ടാം പകുതിയിലാണെങ്കിലും ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. 52-ാം മിനിറ്റിൽ റിച്ചാർലിസൺ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. 54-ാം മിനിറ്റിൽ റിച്ചാർലിസന്റെയും 87-ാം മിനിറ്റിൽ ഗബ്രിയേൽ ബാർബോസയുടെ ഗോളെന്നുറച്ച വോളിയും മാർട്ടിനെസ് രക്ഷപ്പെടുത്തി..

1993-നുശേഷം അർജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്‌ബോളിലെ ഇതിഹാസമായി വളർന്നപ്പോഴും സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിൽ അർജന്റീന ജഴ്‌സിയിൽ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. സെമി ഫൈനൽ കളിച്ച ടീമിൽ നിന്നും ആദ്യ ഇലവനിൽ മാറ്റങ്ങളൊന്നുമില്ലാതെ ബ്രസീൽ ടീം ഇറങ്ങിയപ്പോൾ അഞ്ച് മാറ്റങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. സ്റ്റാർട്ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് മരക്കാനയിൽ ദൃശ്യമായത്.