യൂറോ കപ്പ് സെമിഫൈനലിന് ശേഷം ഇംഗ്ലണ്ട് ആരാധകർ ആക്രമിച്ചതായി ഡാനിഷ് യുവതി

വെംബ്ലിയിൽ ബുധനാഴ്ച നടന്ന യൂറോ 2020 സെമി ഫൈനലിന് ശേഷം വീട്ടിലേക്ക് പോകുമ്പോൾ ഇംഗ്ലണ്ട് ആരാധകർ ശാരീരികമായി ആക്രമിച്ചതായി സെമി ഫൈനലിൽ പങ്കെടുത്ത ഡെന്മാർക് ആരാധിക. പടിഞ്ഞാറൻ ലണ്ടനിൽ താമസിക്കുന്ന ജെനറ്റ് ജോർ‌ജെൻ‌സെൻ ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ വഴി ടിക്കറ്റ് വാങ്ങിയ ശേഷം മൂന്ന് കസിൻ‌സിനൊപ്പമാണ് കളി കാണാനെത്തിയത്, 20 നും 40 നും ഇടയിൽ പ്രായമുള്ള ആറോ ഏഴോ ഇംഗ്ലണ്ട് ആരാധകർ ‘നിങ്ങൾ ഇവിടേക്കു വരേണ്ടവരല്ല’എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിക്കാൻ തുടങ്ങി എന്നും തങ്ങളുടെ കൈവശമുണ്ടായിരുന്ന ഡാനിഷ് പതാക പിടിച്ചു വാങ്ങാൻ ശ്രമിച്ച് ശാരീരികമായി ഉപദ്രവിച്ചതായും ജോർ‌ഗെൻ‌സെൻ പറയുന്നു. സംഭവത്തിന് ശേഷം അവർ അടുത്തുള്ള പൊലീസിനെ വിവരം അറിയിച്ചു. ഭയപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു സ്റ്റേഡിയത്തിൽ എന്നും സ്റ്റേഡിയത്തിലോട്ട് പ്രവേശിക്കുമ്പോൾ തങ്ങളുടെ മേലെ തുപ്പുകയും മറ്റും ചെയ്തതായും ഡാനിഷ് ആരാധകർ തുറന്ന് പറയുകയുണ്ടായി.

കോവിഡ് ചട്ടങ്ങൾ കർശനമായിരുന്നതിനാൽ ഡെൻമാർക്കിന് അനുവദിച്ച 8,000 ടിക്കറ്റുകളിൽ ഭൂരിപക്ഷം പേരും യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിക്കുന്നവരായിരുന്നു. ഡെൻ‌മാർക്ക് വിഭാഗത്തിൽ‌ നിരവധി ഇംഗ്ലണ്ട് ആരാധകരുണ്ടായിരുന്നതായും , കളിക്ക് മുമ്പും ശേഷവും ശേഷവും പല തരത്തിലുള്ള അസുഖകരമായ സംഭവങ്ങൾ നടന്നുവെന്നും ജോർ‌ജെൻ‌സെൻ പറഞ്ഞു. ഡാനിഷ് വിഭാഗത്തിൽ ഇംഗ്ലണ്ട് ആരാധകരെ താൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഡിബിയുവിന്റെ വാണിജ്യ ഡയറക്ടർ റോണി ഹാൻസെൻ ഡിആറിനോട് സ്ഥിരീകരിച്ചുവെങ്കിലും അത് നിരീക്ഷിക്കേണ്ടത് യുവേഫയുടെയും വെംബ്ലിയുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ തോൽപിച്ച്‌ ഇംഗ്ലണ്ട്‌ ചരിത്രത്തിലാദ്യമായി യൂറോ കപ്പ്‌ ഫൈനലിൽ കടന്നിരുന്നു. സെമിയുടെ അധികസമയത്ത്‌ ഹാരി കെയ്‌നാണ്‌ വിജയഗോൾ നേടിയത്‌. കലാശപ്പോരിൽ ഇറ്റലിയെ നേരിടും. 1966ൽ ലോകകപ്പ്‌ നേടിയശേഷം ഇംഗ്ലണ്ട്‌ ഒരു പ്രധാന ടൂർണമെന്റിലും ഫൈനൽ കണ്ടിട്ടില്ല. ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശനം ആരാധകർ ആഘോഷമാക്കുന്നതിനിടെ ആണ് പരാതി ഉയർന്നിരിക്കുന്നത്.