ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം (പിഎച്ച്ഇ) സാർസ്-കോവി-2 വൈറസ് വകഭേദങ്ങളുടെ വിവരം വിശകലനം ചെയ്തുകൊണ്ടുള്ള ഒരു പഠനത്തിൽ അടുത്തിടെ കണ്ടെത്തിയത് 61 ശതമാനം കോവിഡ് സാമ്പിളുകളും ഇപ്പോൾ ഡെൽറ്റ വേരിയന്റിൽ (B.1.617.2) ആണെന്നാണ്. ഇതിനർത്ഥം, കഴിഞ്ഞ വർഷം യുകെയിൽ കുതിച്ചുചാട്ടത്തിന് കാരണമായ ആൽഫ വേരിയന്റിനേക്കാൾ കൂടുതൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റാണ് യുകെയിലെ കോവിഡ് ബാധിതരിൽ കൂടുതലായി കാണുന്നത് എന്നാണ്.
കോവിഡ് 19 രോഗബാധ പൊട്ടിപുറപ്പെട്ടതിന് ശേഷം ആഗോളതലത്തിൽ ഇപ്പോൾ SARS-CoV-2 ന്റെ വിവിധ വാരിയന്റുകളുണ്ട് (Covid Variant). അതിൽ ഒന്നാണ് ഇന്ത്യയിൽ കണ്ടെത്തിയ B.1.617 ലീനിയെജിലുള്ള വേരിയന്റ്. ഇതിന്റെ സബ് ലീനിയെജയുള്ള B.1.617.2 വൈറസ് വേരിയന്റ് ആണ് ഡെൽറ്റ വേരിയന്റ്. വൈറസിന്റെ ഈ വാരിയന്റിന് രോഗവ്യാപന ശേഷി വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
ലോകാരോഗ്യ സംഘടനയാണ് (WHO) ഈ വാരിയന്റിന് ഡെൽറ്റ വേരിയന്റ് എന്ന് പേര് നൽകിയത്. അത് മാത്രമല്ല കോവിഡിന്റെ ഈ വകഭേദം വളരെയധികം ആശങ്ക ഉണ്ടാക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിലും ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരുന്നു. ഇതിന് രോഗവ്യാപന ശേഷി കൂടുതലാണെന്നും വിവിധ രാജ്യങ്ങളിൽ ഈ വകഭേദം മൂലം രോഗബാധ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കൂട്ടിചേർത്തിരുന്നു.
എന്ത് കൊണ്ടാണ് ഡെൽറ്റ വേരിയന്റിനെ അപകടക്കാരിയായി കണക്കാക്കുന്നത്?
മ്യൂറ്റേഷൻ സംഭവിച്ചാണ് കോവിഡിന് വിവിധ വകഭേദങ്ങൾ ഉണ്ടാകുന്നത്. ഒരു SARS-CoV-2 പോലുള്ള ആർഎൻഎ വൈറസ് നിർമ്മിച്ചിരിക്കുന്നത് 30000 ബേസ് അമിനോ ആസിഡുകൾ ഉപയോഗിച്ചാണ്. ഈ ബേസിന് ഉണ്ടാകുന്ന മാറ്റങ്ങളെയാണ് മ്യുട്ടേഷൻ എന്ന് വിളിക്കുന്നത്. ഓരോ മ്യൂറ്റേഷനിലും വൈറസിന്റെ സ്വഭാവത്തിലും രീതിയിലും മാറ്റങ്ങൾ ഉണ്ടാകും. ഡെൽറ്റ വേരിയന്റ് (Delta Variant) ഇങ്ങനെ വിവിധ മ്യുട്ടെഷനുകൾ ഉണ്ടായ വകഭേദമാണ്. ഈ വകഭേദത്തിൽ സ്പൈക്ക് പ്രോട്ടീനിൽ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 4 മാറ്റങ്ങളെ വളരെ പ്രധാനമായി കാണേണ്ടതും ഉണ്ട്. അത് കൊണ്ട് തന്നെയാണ് ഇതിനെ കൂടുതൽ അപകടക്കാരിയായി കണക്കാക്കുന്നത്. ഈ വകഭേദത്തിന് രോഗവ്യാപന ശേഷി വളരെ കൂടുതലാണ്. മാത്രമല്ല കോവിഡ് രോഗബാധയിൽ വളരെ അപകടകരമായ മാറ്റം കൊണ്ട് വരാനും ഈ വകഭേദത്തിന് സാധിക്കും. ഇപ്പോഴുള്ള സുരക്ഷാ മാര്ഗങ്ങള് പാലിക്കപ്പെടുമ്പോഴും ഈ വകഭേദം കൂടുതൽ അപകടക്കാരിയായി നിലനിൽക്കും. ഇപ്പോഴുള്ള ചികിത്സ രീതികൾ ഈ വകഭേദത്തിനെതിരെ ഫലപ്രാപ്തി കുറയുന്നതും ഇതിനെ ആശങ്കയോടെ കാണാനുള്ള കാരണമാണ്.
ഡെൽറ്റ വാരിയന്റുമായി ബന്ധപ്പെട്ട് പിഎച്ച്ഇ- യുടെ പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ ഇവയാണ്:
- ഒന്നിലധികം വിശകലനങ്ങളിൽ ആൽഫയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റയുടെ വളർച്ചാ നിരക്ക് ഗണ്യമായി വർദ്ധിച്ചു. മെയ് 17 ന് ആരംഭിക്കുന്ന ആഴ്ചയിലെ, യുകെയിലെ ജീനോം സീക്വൻസിംഗ് ഡാറ്റയുടെ വിശകലനത്തിൽ 61 ശതമാനം കേസുകളും ഡെൽറ്റയാണെന്ന് പിഎച്ച്ഇ കണ്ടെത്തി.
- ആൽഫ കേസുകൾ കുറയുമ്പോൾ ഡെൽറ്റ കേസുകൾ വർദ്ധിക്കുന്നു, ദ്വിതീയ ആക്രമണ നിരക്ക് ആൽഫയേക്കാൾ ഉയർന്നതുമാണ്.
- ഇംഗ്ലണ്ടിൽ നിന്നും സ്കോട്ട്‌ലൻഡിൽ നിന്നുമുള്ള ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നത് “സമകാലീന ആൽഫ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ ബാധിചർ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്” എന്നാണ്.
- ആൽഫയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ വകഭേദം ബാധിച്ചവരിൽ വാക്സിൻ ഫലപ്രാപ്തി കുറയുന്നുണ്ട്. ഒരു ഡോസിന് ശേഷം ഇത് കൂടുതൽ വ്യക്തമാകുമെന്നും അവർ പറഞ്ഞു. “2 ഡോസുകൾക്ക് ശേഷം ഡെൽറ്റയ്‌ക്കെതിരായ വാക്സിൻ ഫലപ്രാപ്തി കൂടുതലാണെന്ന് ആവർത്തിച്ചുള്ള വിശകലനം തുടരുന്നു, എന്നാൽ ആൽഫയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റയ്ക്ക് കുറവുണ്ടാകും”.