കോവിഡ് കാലത്തെ പ്രമേയമാക്കിയും പശ്ചാത്തലമാക്കിയും ഏറ്റവും വേഗത്തില്‍ പ്രതികരിച്ച ഇന്‍ഡസ്ട്രി മലയാളമാണെന്ന് ദി ഗാര്‍ഡിയനില്‍ നമ്രത ജോഷി എഴുതിയ ലേഖനത്തില്‍ പറയുന്നു. എല്ലാവരുടെയും ജീവിതങ്ങളെ മാറ്റിമറിച്ച കൊവിഡിനെ അടയാളപ്പെടുത്താന്‍ ബോളിവുഡ് മറന്നപ്പോള്‍ മലയാള സിനിമ കൊവിഡിനെ ഉള്‍ക്കൊണ്ടും പ്രതികരിച്ചും മുന്നോട്ടു പോയെന്നും വിഷയത്തിലും അവതരണത്തിലും നിര്‍മ്മാണത്തിലും പുതിയ രീതികള്‍ ആവിഷ്‌കരിച്ചെന്നും ദി ഗാര്‍ഡിയന്‍ പറയുന്നു. ഇന്ന് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ വെച്ച് ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയായി നിലകൊള്ളുന്നത് മലയാളമാണെന്നും ലേഖനത്തില്‍ പറയുന്നു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി, സാനു ജോണ്‍ വര്‍ഗീസിന്റെ ആര്‍ക്കറിയാം, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, എവരിതിംഗ് ഈസ് സിനിമ എന്നീ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദി ഗാര്‍ഡിയന്‍ മോളിവുഡിനെ പ്രശംസിക്കുന്നത്. ഇവിടെയുള്ള സിനിമക്കാര്‍ പെട്ടെന്ന് തന്നെ പുതിയ ആശയങ്ങളും അതിനു പറ്റിയ നിര്‍മ്മാതാക്കളെയും കണ്ടെത്തുന്നവരാണെന്നും പ്രോജക്ടുകള്‍ വേഗത്തില്‍ തുടങ്ങുന്നവരാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. നിപ വൈറസ് പടര്‍ന്നുപിടിച്ച കാലഘട്ടത്തെ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിനെ കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നു.
മലയാളം ചലച്ചിത്ര നിർമ്മാണം വ്യക്തിഗത നിർമ്മാതാക്കൾ നയിക്കുന്ന ചെറിയ തോതിലുള്ള ഒരു സംരംഭമാണ്. ചലച്ചിത്ര നിർമാതാക്കൾ ആശയങ്ങൾ ആലോചിക്കുന്നതിലും നിർമ്മാതാക്കളെ കണ്ടെത്തുന്നതിലും പ്രോജക്റ്റുകളിൽ വേഗത്തിൽ മുന്നേറുന്നതിലുമെല്ലാം അതിനാൽ തന്നെ മുന്നിലുമാണ്. മാറുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക യാഥാർത്ഥ്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന മലയാള സിനിമ എല്ലായ്പ്പോഴും പ്രതികരണശേഷിയുള്ളതാണ്. ഈ മഹാമാരിയെ ഫലപ്രദമായി ഏറ്റെടുക്കാൻ മലയാള സിനിമയെ സഹായിച്ചത് അവയൊക്കെയാണെന്ന് കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കലാസംവിധായകയായ ബിന പോൾ പറയുന്നു.
[