കോവിഡ് പ്രതിസന്ധി നേരിടാൻ 100 ദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ : പ്രവാസികൾക്ക് 100 കോടി രൂപയുടെ വായ്പ പദ്ധതി.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച100 ദിന കർമ്മ പരിപാടികളിൽ പ്രവാസികൾക്ക് കെഎസ്ഐഡിസി വഴി 100 കോടി രൂപയുടെ വായ്പാ പദ്ധതി. ഒരാൾക്ക് 25 ലക്ഷം രൂപ മുതൽ രണ്ട് കോടി വരെയാണ് വായ്പ ലഭിക്കുക. ജൂൺ 12 മുതൽ സെപ്തംബർ 19 വരെയാണ് കർമ്മപദ്ധതി. കോവിഡ് വ്യാപനം തടയാൻ ലോക്ക്‍ഡൌൺ സ്വീകരിച്ചപ്പോൾ സമ്പദ്ഘടനയിൽ ആഘാതം സംഭവിച്ചുവെന്നും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് അടിയന്തര ആവശ്യമാണെന്നും 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികൾക്ക് ഇക്കഴിഞ്ഞ ബജറ്റിൽ പുനരധിവാസത്തിന് പദ്ധതി പ്രഖ്യാപിച്ചിരുന്നു. പ്രവാസികളുടെ വായ്പാ പദ്ധതിക്ക് 25 കോടി രൂപ നീക്കിവെച്ചു. കെഎഫ്‌സി 500 കോടിയുടെ പുതിയ വായ്പ അനുവദിക്കുമെന്നും ആദ്യ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തുകയും ഏറെ പേർക്കും തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസികൾക്ക് വായ്പ ലഭ്യമാക്കുന്നത്.

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോർക്ക സെൽഫ് എംപ്ലോയെന്റ് സ്‌കീം പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുക. ഇതിന്റെ പലിശ ഇളവ് നൽകുന്നതിനാണ് 25 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയതായും ബജറ്റിൽ വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്റ്റേറ്റ് മൈനോരിറ്റീസ് ഡെവലപ്മെൻറ് ഫിനാൻസ് കോര്‍പ്പറേഷനും പ്രത്യേക വായ്പകള്‍ അനുവദിക്കുന്നുണ്ട്.

കോവിഡ് വ്യാപനം തടയാൻ ലോക്ക്‍ഡൌൺ സ്വീകരിച്ചപ്പോൾ സമ്പദ്ഘടനയിൽ ആഘാതം സംഭവിച്ചുവെന്നും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് അടിയന്തര ആവശ്യമാണെന്നും 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.