ഇന്ത്യക്കാർക്ക് ജർമ്മനി, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിലേക്ക് പോകാൻ കഴിയുമോ? ഏറ്റവും പുതിയ വിസ, വാക്സിൻ നിയമങ്ങൾ 

SARS-CoV-2 വൈറസിന്റെ ഡെൽറ്റ വേരിയന്റിന്റെ ഭീഷണിയെത്തുടർന്ന് മിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യം റിപ്പോർട്ടുചെയ്‌തതും ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചതുമായ വേരിയന്റാണിത്. ഇപ്പോൾ യുണൈറ്റഡ് കിംഗ്ഡത്തിലെ 90 ശതമാനം കേസുകൾക്കും ഉത്തരവാദിയായ വേരിയന്റാണ് ഇത്. ഈ സാഹചര്യം കണക്കിലെടുത്ത്, കുറച്ച് രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്, ഇത് വിദ്യാർത്ഥികളെ വളരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.വൈറസിന്റെ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ ലിൻഡ്നർ അടുത്തിടെ പറഞ്ഞത്.

ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങൾ

റഷ്യ, സെർബിയ, കോസ്റ്റാറിക്ക, ഈജിപ്ത്, ഘാന, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ, അൽബേനിയ എന്നിവയാണ് ഇന്ത്യൻ യാത്രക്കാർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന രാജ്യങ്ങൾ. ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ഈ രാജ്യങ്ങളിൽ ക്വാറന്റൈൻ ചെയ്യേണ്ടതില്ല. നെഗറ്റീവ് ആർടി-പി‌സി‌ആർ റിപ്പോർട്ട് ഈ രാജ്യങ്ങളിൽ പ്രവേശിക്കാൻ ആവശ്യമാണ്. തുർക്കിക്ക്  യാത്ര ചെയ്യുന്നതിന് നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് റിപ്പോർട്ടും ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ആർക്കും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ആവശ്യമാണ്. 
കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് ദക്ഷിണ കൊറിയ യാത്രാ വിലക്ക് നീക്കി രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ നിർദേശവും ഒഴിവാക്കി. എന്നിരുന്നാലും, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇനിയും ലഭിക്കാത്ത കോവാക്സിൻ കുത്തിവയ്പ് എടുക്കുന്നവർ ക്വാറന്റൈനിൽ തുടരേണ്ടിവരും.

യുണൈറ്റഡ് സ്റ്റേറ്റ്സ് യാത്രാ നിരോധനം ഒഴിവാക്കിയിട്ടിയില്ല, എന്നാൽ വിദ്യാർത്ഥി വിസ ഉള്ളവർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാം. മറ്റ് ചില വിഭാഗങ്ങളും യാത്ര ചെയ്യാൻ അനുമതി നല്കിയിട്ടുണ്ട്. വാക്സിനേഷൻ നിർബന്ധമായും സ്വീകരിച്ചിരിക്കണം എന്ന നിബന്ധന ഇതുവരെ ഇല്ല എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയ്ക്ക് അവരുടേതായ വാക്സിൻ നിയമങ്ങൾ ഉണ്ടായിരിക്കാം.


ജർമ്മനി ഇന്ത്യൻ വിദ്യാർത്ഥികളുടെ മറ്റൊരു ജനപ്രിയ ലക്ഷ്യസ്ഥാനം കൂടിയാണെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഇപ്പോൾ രാജ്യം  തുറന്നിട്ടില്ല. ഡെൽറ്റ വേരിയൻറ് അതിവേഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ, “വൈറസ്-മ്യൂട്ടേഷൻ രാജ്യങ്ങൾ”ക്കുള്ള യാത്രാ നിയന്ത്രണം ലഘൂകരിക്കുന്നത് എളുപ്പമുള്ള തീരുമാനമല്ലെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ ലിൻഡ്നർ അടുത്തിടെ ട്വീറ്റ് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണം യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞതിനാൽ ചില നടപടികളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്നും വിദ്യാർത്ഥികളുടെ ദുരവസ്ഥ മനസിലാക്കുന്നു എന്നും ലിൻഡ്നർ കൂട്ടിച്ചേർത്തു.