‘ചുവരുകളിൽ മുഴുവൻ ചരിത്രം’: അന്താരാഷ്ട്ര നിലവാരമുള്ള പുതിയ സൗകര്യങ്ങളോടെ കോഴിക്കോട് ബീച്ച്

കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം സഞ്ചാരികൾക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും നവീകരിച്ച കോഴിക്കോട് ബീച്ചിലൂടെ. ചുവരുകളിൽ മുഴുവൻ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം തനിമയുള്ള ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നു. നവീകരിച്ച ബീച്ചിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങിൽ അധ്യക്ഷനായി.

ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ സഞ്ചാരികൾക്കായി ഇരിപ്പിടങ്ങളും ചെടികളും എല്ലാം ഉൾപ്പെടുത്തി ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. അതുപോലെ തന്നെ കോഴിക്കോടിന്റെ കഥകൾ നേരിലെന്ന പോലെ കാഴ്ചക്കാർക്ക് ഇനി ചുവരുകളിൽ കാണാൻ സാധിക്കും. തടികൊണ്ടുള്ള വേസ്റ്റ് കുട്ടകൾ ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം കളി ഉപകരണങ്ങളും, ഭക്ഷണവും , ഭിന്നശേഷിക്കാർക്കായുള്ള റാമ്പുകളും, വഴിവിളക്കുകളും തുടങ്ങി ഒട്ടേറെ പുതുമകൾ നിറഞ്ഞതാണു ഈ ഇടം. കോവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിന് ശേഷം ബീച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ജില്ലാ കളക്ടർ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.വിനോദസഞ്ചാരികള്‍ എത്തിതുടങ്ങുന്നതോടെ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയുടെ വരുമാനം ഡിടിപിസിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.