ഗായിക ബ്രിട്നി സ്പിയേഴ്സ് വിരമിച്ചേക്കുമെന്ന് സൂചന

90 കളുടെ മധ്യത്തിൽ തുടങ്ങി ബ്രിട്നി സ്പിയേഴ്സിന്റെ മാനേജർ ആയിരുന്ന ലാറി റുഡോൾഫ് രാജിവെക്കുകയും ഒപ്പം ഗായിക വിരമിക്കാൻ സാധ്യതയുണ്ടെന്നു സൂചന നൽകുന്ന റിപ്പോട്ടുകൾ ദി ഗാർഡിയൻ പുറത്ത് വിടുകയും ചെയ്തു.. മാനസികാരോഗ്യത്തിന്റെ അടിസ്ഥാനത്തിൽ 2008 മുതൽ ബ്രിട്നി കോടതി നിയോഗിച്ച കൺസർവേറ്റർഷിപ്പിന് വിധേയയാണ്. ബ്രിട്നിയുടെ കൺസർവേറ്റർമാരായ ജാമി സ്‌പിയേഴ്‌സിനും ജോഡി മോണ്ട്ഗോമറിയ്ക്കും അയച്ച കത്തിൽ തന്റെ പ്രൊഫഷണൽ സേവനങ്ങൾ ഇനി ആവശ്യമില്ലാത്തതിനാൽ മാനേജർ എന്ന നിലയിൽ ടീമിൽ നിന്ന് രാജിവയ്ക്കുകയാണെന്നും ലോകത്തിലെ എല്ലാ ആരോഗ്യവും സന്തോഷവും ബ്രിട്നിക്ക് ആശംസിക്കുന്നുവെന്നും റുഡോൾഫ് പറഞ്ഞു. ബ്രിട്നിയും താനും ആശയവിനിമയം നടത്തിയിട്ട് രണ്ടര വർഷത്തിലേറെയായെന്നും ഒരു അനിശ്ചിതകാല തൊഴിൽ ഇടവേള എടുക്കാൻ ബ്രിട്നി തന്നോട് പറഞ്ഞിട്ടുള്ളതായും ഒപ്പം ഔദ്യോഗികമായി വിരമിക്കാനുള്ള ആഗ്രഹം ബ്രിട്നി പ്രകടിപ്പിച്ചതായും റുഡോൾഫ് കത്തിൽ പറഞ്ഞു.

ബ്രിട്നി വിരമിക്കുകയാണെങ്കിൽ, അത് യുഎസ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ പോപ്പ് കരിയറുകളിൽ ഒന്നിന്‍റെ അവസാനമായിരിക്കും. ബ്രിട്നിയുടെ ഒമ്പത് ആൽബങ്ങളിൽ ആറെണ്ണം യുഎസ് ചാർട്ടുകളിൽ ഒന്നാമതെത്തിയിട്ടുണ്ട്, കൂടാതെ ബേബി വൺ മോർ ടൈം, ഊപ്സ്! ഐ ഡിഡ് ഇറ്റ് എഗെയ്ൻ, ടോക്സിക് എന്നിവ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ പോപ്പ് ശബ്ദത്തെ നിർവചിക്കാൻ തന്നെ സഹായിച്ചവയാണ്. ബ്രിട്നിയുടെ ഏറ്റവും പുതിയ ആൽബം 2016 ലെ ഗ്ലോറിയാണ്.