മങ്കിപോക്സിനെ നേരിടാൻ ആഗോള അടിയന്തരാവസ്ഥ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡബ്ല്യൂ.എച്ച.ഒ ഡയറക്ടര്‍ ടെഡ്രോസ് അഥാനം ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. 72 രാജ്യങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മെയ് മുതലാണ് രോഗം മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നാൽ ലോകാരോഗ്യസംഘടനയുടെ ഏറ്റവുംവലിയ ജാഗ്രതാനിർദേശങ്ങളിലൊന്നാണ്. അന്താരാഷ്ട്രസമൂഹം രോഗവ്യാപനത്തെ ഗൗരവത്തോടെ കാണാൻ ഉദ്ദേശിച്ചുള്ളതാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി വിഭാഗം മേധാവി ഡോ. മൈക്കിൾ റയാൻ വിശദീകരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. 20 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിവേഗത്തില്‍ രോഗം പടരുകയാണെങ്കിലും രാജ്യാന്തര യാത്രകളേയോ വ്യാപാരങ്ങളയോ രോഗം ബാധിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനാ യോഗത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ ഇതുവരെ മൂന്ന് മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും മനുഷ്യരില്‍ നിന്ന് പിന്നീട് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ വൈറല്‍ രോഗമാണിത്. ഏറെ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങില്ലെങ്കില്‍ പോലും വേദനാജനകമായ അവസ്ഥയാണ് രോഗം മൂലമുണ്ടാവുക. ദിവസങ്ങളോളം ഇത്തരത്തില്‍ തുടരുന്നത് രോഗിയെ ശാരീരികമായും മാനസികമായും ബാധിക്കാം. ഇത്തരത്തിലുള്ള രോഗാനുഭവങ്ങള്‍ പലരും തുറന്ന് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

എങ്ങനെയാണ് മങ്കിപോക്സ് പകരുന്നത്?

നേരത്തെ സൂചിപ്പിച്ചത് പോലെ മൃഗങ്ങളില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇത് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 1970കളില്‍ തന്നെ മങ്കിപോക്സ് രോഗം ഇത്തരത്തില്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. പിന്നീട് പല ഇടവേളകളിലും പല രാജ്യങ്ങളിലും അവിടവിടെയായി മങ്കിപോക്സ് കണ്ടെത്തപ്പെട്ടു. അധികവും ആഫ്രിക്കൻ രാജ്യങ്ങളില്‍ തന്നെ. ഇത്തവണ പക്ഷേ, യൂറോപ്യൻ രാജ്യങ്ങളാണ് കാര്യമായും മങ്കിപോക്സിന്‍റെ പിടിയിലകപ്പെട്ടിരിക്കുന്നത്.

വൈറസ് ബാധയേറ്റ മൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് ഇത് മനുഷ്യരിലേക്കുമെത്തുന്നത്. എന്നാലിപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മങ്കിപോക്സ് പകരൂ. ലൈംഗികബന്ധത്തിലൂടെയാണ് നിലവില്‍ കാര്യമായും മങ്കിപോക്സ് പകര്‍ച്ച ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരുടെ കമ്മ്യൂണിറ്റിയിലാണ് രോഗം സാരമായും വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രോഗിയുടെ സ്രവകണങ്ങളിലൂടെയാണ് വൈറസ് മറ്റൊരാളിലേക്ക് കടക്കുന്നത്.

മങ്കിപോക്സ് ലക്ഷണങ്ങള്‍

രോഗകാരിയായ വൈറസ് ശരീരത്തില്‍ കടന്ന്, 6-13 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതിനോടകം തന്നെ ഇയാളുമായി അടുത്തിടപഴകിയിട്ടുള്ള മറ്റൊരാള്‍ക്ക് രോഗബാധയുണ്ടായേക്കാം. പനി, തലവേദന, മസില്‍ വേദന, കുളിര്, തളര്‍ച്ച, ലിംഫ് നോഡുകളില്‍ വീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇതിന് പുറമെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ദേഹത്ത് വിവിധയിടങ്ങളിലായി ചെറിയ കുമിളകള്‍ രൂപപ്പെടുകയും അവയില്‍ പഴുപ്പ് നിറയുകയും ചെയ്യുന്നു. ഇതില്‍ നല്ലരീതിയില്‍ വേദനയനുഭവപ്പെടുകയും ചെയ്യാം. ചിലര്‍ക്ക് ചൊറിച്ചിലുമുണ്ടാകാം. ഇങ്ങനെ പഴുപ്പ് നിറഞ്ഞ കുമിളകള്‍ അധികവും ജനനേന്ദ്രിയത്തിന്‍റെ സമീപമായാണ് കാണുകയെന്ന് രോഗാനുഭവം തുറന്ന് പങ്കുവച്ചവര്‍ അറിയിച്ചിരുന്നു. ഇത് വലിയ തോതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.