യുഎഇയും,ഒമാനും വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും തമ്മിൽ ധാരണയായി. ബിസിനസ് ഫോറത്തിൽ 129 ബില്യൺ ദിർഹം മൂല്യം വരുന്ന നിരവധി കരാറുകളുടെ പ്രഖ്യാപനവും നടന്നു. ഈ കരാറുകളും, ധാരണാപത്രങ്ങളും സംബന്ധിച്ച പ്രഖ്യാപനം യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. ഒമാൻ ഭരണാധികാരിയുടെ ഔദ്യോഗിക യുഎഇ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ, ഗ്രീൻ ലോഹങ്ങൾ, റെയിൽവേ കണക്ഷനുകൾ, ടെക്നോളജി ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളെല്ലാം കരാറിൽ ഉൾപ്പെടുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷ, ഊർജം, ഗതാഗതം, പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകൾ, ഇത്തിഹാദ് റെയിൽ, മുബദാല, ഒമാനിലെ അസ്യാദ് ഗ്രൂപ്പ് എന്നിവയ്‌ക്കിടയിൽ മൊത്തം 3 ബില്യൺ ദിർഹത്തിൻ്റെ നിക്ഷേപ മൂല്യമുള്ള പങ്കാളിത്ത കരാർ, ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് യുഎഇ-ഒമാൻ സഖ്യം രൂപീകരിക്കുന്നതിനുള്ള ചട്ടക്കൂട് കരാറും ഫോറത്തിന്റെ ഭാഗമാണ്.
ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ത്യവസമാണ് യുഎഇയിൽ എത്തിയത്. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടതും പരസ്പരം താൽപര്യമുള്ളതുമായ പ്രദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു. സുൽത്താൻറെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും സഹകരണം വിപുലമാക്കാനും ലക്ഷ്യമിട്ടാണെന്ന് വിവിധ ഗൾഫ് വാർത്ത ഏജൻസികൾ റിപ്പോട്ട് ചെയ്യുന്നു.
അതെ സമയം യുഎഇക്കും ഒമാനിനും ഇടയിൽ ട്രെയിൻ വഴി യാത്രക്കാരെ എത്തിക്കുക എന്നതിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെയിൽവേ പദ്ധതിക്കായി പ്രധാന നടപടികൾ സ്വീകരിച്ചതായി ഹഫീത് റെയിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച വെളിപ്പെടുത്തി. മെഗാ പ്രോജക്റ്റ് – ഇപ്പോൾ ഹഫീത് റെയിൽ എന്നറിയപ്പെടുന്നു. മുമ്പ് ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ എന്നറിയപ്പെട്ടിരുന്നത്.ഒരു ടീമായി പ്രവർത്തിക്കുന്ന യുഎഇ, ഒമാനി കമ്പനികൾക്ക് പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചതായും പ്രധാന കരാറുകൾ നൽകിയതായും ഹഫീത് റെയിൽ സിഇഒ അഹമ്മദ് അൽ മുസാവ അൽ ഹാഷിമി പറഞ്ഞു.
അബുദാബിയിലെ അൽ വത്ബ ഏരിയ മുതൽ ഒമാനി നഗരം, സൊഹാർ തുറമുഖം വരെയുള്ള റെയിൽ പാതയുടെ മനോഹരമായ റൂട്ടിൽ നിന്നാണ് പുതിയ ബ്രാൻഡ് ഉരുത്തിരിഞ്ഞത്. ജബൽ ഹഫീത്തിനോട് ചേർന്ന് ഓടുന്ന തീവണ്ടികൾ മരുഭൂമിയും പർവത, താഴ്‌വര പ്രദേശങ്ങളിലൂടെ യാത്രക്കാരെ കൊണ്ടുപോകും. ബിസിനസ് ഫോറത്തിൻ്റെ ഭാഗമായി എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയോട് (WAM) സംസാരിച്ച അൽ ഹാഷെമി, പദ്ധതി സാമ്പത്തികവും സാമൂഹികവുമായ നിരവധി നേട്ടങ്ങൾ നൽകുമെന്ന് പറഞ്ഞു.