സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾമാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരമാവധി ചെലവ് പരിധി കവിയരുതെന്ന് സർക്കാർ. മധ്യസ്ഥ സേവനം നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും മന്ത്രാലയം ഇക്കാര്യത്തിൽ കർശന നിർദേശം നൽകി.
നോൺ-കമ്മിറ്റൽ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടൽ നേരിടേണ്ടിവരുമെന്ന് മന്ത്രാലയ വക്താവ് സാദ് അൽ ഹമദ് പറഞ്ഞു.
“ഇതിൽ സ്വയം പ്രതിജ്ഞാബദ്ധരായില്ലെങ്കിൽ ഞങ്ങൾ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടും,” അദ്ദേഹം സൗദി ടെലിവിഷൻ അൽ ഇഖ്ബാരിയയോട് പറഞ്ഞു. നിയമലംഘകരുടെ ലൈസൻസ് പിൻവലിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ മുതൽ സൗദി അറേബ്യയും ഫിലിപ്പീൻസും ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ഫിലിപ്പൈൻ തൊഴിലാളികളെ രാജ്യത്തേക്ക് അയയ്ക്കുന്നത് പുനരാരംഭിക്കുന്നതിനുള്ള ധാരണയിൽ എത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ചെലവ് പരിധി പരസ്യമാക്കിയത്.
ഓരോ രാജ്യത്തുള്ളവർക്കും നിശ്‌ചയിച്ചിട്ടുള്ള പരമാവധി തുകയുടെ പരിധി കവിയരുതെന്ന് മന്ത്രാലയം പറഞ്ഞു. ഉഗാണ്ടയിൽ നിന്ന് ഒരു ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരമാവധി പരിധി 9,500 റിയാലാണ്. തായ്‌ലൻഡിൽ നിന്ന് 10,000 റിയാൽ, കെനിയയിൽ നിന്ന് 10,870 റിയാൽ, ബംഗ്ലാദേശിൽ നിന്ന് 13,000 റിയാൽ, ഫിലിപ്പീൻസിൽ നിന്ന് 17,288 റിയാൽ എന്നിങ്ങനെയാണ് കണക്ക്. മൂല്യവർധിത നികുതി കൂടാതെയാണിത്. ഇത് പാലിച്ചില്ലെങ്കിൽ പിഴയും അടച്ചുപൂട്ടൽ അടക്കമുള്ള നടപടികളും നേരിടേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.