GCC- രണ്ട് വർഷത്തെ ഉപരോധത്തിന് ശേഷം ഖത്തറും ബഹ്‌റൈനും വീണ്ടും കൈകോർക്കുന്നു

ഖത്തർ ഉപരോധം പിൻവലിച്ച് രണ്ട്‌ വര്ഷത്തോളമായിട്ടും പരസ്പരം അകന്നു തന്നെ ഇരുന്നിരുന്ന ബഹ്‌റൈനും ഖത്തറും വീണ്ടും ഒന്നിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം പുനരാംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇരു രാജ്യങ്ങളുടെയും വാർത്താ ഏജൻസികൾ ഇത് സ്ഥിരീകരിച്ചു. ജിസിസി കൂടുതൽ ശക്തി പ്രാപിക്കുന്നതിന്റെ കൂടി ലക്ഷണമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ നോക്കി കാണുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, അതാത് രാജ്യങ്ങളിലെ ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത, എന്നീ തത്വങ്ങൾക്കനുസൃതമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും, ഗൾഫ് ഐക്യവും ഏകീകരണവും വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി ഉണ്ടായതെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചു. .

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരായ മൂന്നര വർഷത്തെ ബഹിഷ്‌കരണം 2021 ജനുവരിയിൽ അവസാനിപ്പിച്ചിരുന്നു. ബഹ്‌റൈൻ ഒഴികെയുള്ള മറ്റ് മൂന്ന് രാജ്യങ്ങളും 2021-ൽ ദോഹയുമായുള്ള യാത്രാ വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ബഹ്‌റൈൻ – ഖത്തർ ബന്ധം രണ്ട്‌ വഴിക്കായിരുന്നു. ജനുവരിയിൽ, ബഹ്‌റൈൻ കിരീടാവകാശി ഖത്തർ അമീറുമായി ടെലിഫോണിൽ സംസാരിച്ചു, രണ്ട് ഗൾഫ് രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചനയായി ഈ സംഭാഷണം മാറുകയായിരുന്നു.

നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ അറബ് ബഹിഷ്‌കരണ സമയത്ത് മധ്യസ്ഥനായി പ്രവർത്തിച്ച കുവൈത്ത് സ്വാഗതം ചെയ്തു. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള സാഹോദര്യ ബന്ധത്തെയും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിന് സംഭാവന നൽകുന്നതുമാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.