ലോകത്തിലെ 100 ലെജൻഡറി റെസ്‌റ്റോറന്റുകളില്‍ അഞ്ചാം സ്ഥാനത്ത് കോഴിക്കോട് പാരഗണ്‍

മലബാർ ബിരിയാണിക്കും ഇതര വിഭവങ്ങൾക്കും പ്രശസ്തമായ ‘പാരഗൺ’ റെസ്റ്റോറന്റ് ക്രൊയേഷ്യ ആസ്ഥാനമായുള്ള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട 100 ലെജൻഡ‍റി റെസ്റ്റോറന്‍റുകളുടെ പട്ടികയിൽ ഇടം പിടിച്ചു. അഞ്ചാം സ്ഥാനമാണ് പാരഗൺ രുചിയുടെ പെരുമ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ റെസ്റ്റോറന്‍റുകളുടെ പട്ടികയിൽ ആദ്യ സ്ഥാനവും അവർക്ക് തന്നെ ആണ്.
ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്‍റുകളുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ റെസ്റ്റോറന്റുകളാണ് ഇടം നേടിയത്. ഭക്ഷണത്തിന്‍റെ രുചിക്കൊപ്പം തനിമ, പാരമ്പര്യം, അന്തരീക്ഷം എന്നിവ കൂടി പരിഗണിച്ചാണ് റെസ്റ്റോറന്‍റുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യമാണ് പാരഗണിനെ തെരഞ്ഞെടുക്കാൻ കാരണമെന്നാണ് ടേസ്റ്റ് അറ്റ്‌ലസ് പറയുന്നത്. വിയന്നയിലെ ഫിഗിൽമുള്ളർ ആണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലെജൻ‍ഡറി റെസ്റ്റോറന്‍റായി ടേസ്റ്റ് അറ്റ്‌ലസ് തെരഞ്ഞെടുത്തിരിക്കുന്നത്. 1905 ലാണ് ഫിഗിൽമുള്ളർ വിയന്നയിൽ സ്ഥാപിതമായത്.

1939 ൽ സ്ഥാപിതമായ പാരഗണിലെ ബിരിയാണിയാണ് പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യത്തിന് ഉദാഹരണമായി ചൂണ്ടികാട്ടിയിട്ടുള്ളത്. പാരഗണിന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങള്‍ക്ക് പുറമെ ദുബായിയിലും റെസ്റ്റോറന്റ് ഉണ്ട്. പാരഗണ്‍ ബ്രാന്‍ഡിന് പുറമെ എം ഗ്രില്‍സ്, സല്‍ക്കാര, ബ്രൗണ്‍ ടൗണ്‍ എന്നീ ബ്രാന്‍ഡുകളിലും ഗ്രൂപ്പിന് റെസ്റ്റോറന്റുകളുണ്ട്.

ഗലൂട്ടി കബാബുകൾക്ക് പേരുകേട്ട ലഖ്‌നൗവിലെ പ്രശസ്തമായ ടുണ്ടേ കബാബാണ് പട്ടികയിൽ ആറാം സ്ഥാനത്ത്. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് ആണ് ഇന്ത്യയിൽ നിന്നുള്ള റെസ്റ്റോറന്‍റുകളിൽ ആദ്യ പത്തിലിടം പിടിച്ച മറ്റൊരു ഭക്ഷണശാല. 1975 ൽ സ്ഥാപിച്ച പീറ്റർ ക്യാറ്റ് ചെലോ കബാബുകൾക്ക് പേരുകേട്ട ഭക്ഷണശാലയാണ്. ലോകത്തെ വിവിധ ഫുഡ് വ്ലോ​ഗരും ടേസ്റ്റ് അറ്റ്‌ലസിന്റെ 30 പേരടങ്ങിയ ​ഗവേഷണ വിഭാ​ഗവും ചേര്‍ന്ന് തയ്യാറാക്കിയ പട്ടിക, കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അന്താരാഷ്ട്ര ട്രാവല്‍ മാ​ഗസിന്‍ ‘കോണ്‍ഡേ നാസ്റ്റ്’ 2017ല്‍ തയ്യാറാക്കിയ ഇന്ത്യയിലെ മികച്ച റസ്റ്ററന്റുകളുടെ പട്ടികയിലും പാര​ഗണ്‍ ഉള്‍‌പ്പെട്ടിരുന്നു. ടൈംസ് നൗ, അമേരിക്കന്‍ മാസിക ടൈം ഔട്ട് എന്നിവയുടെ അവാര്‍ഡുകളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.