Explainer-ചെങ്കടലിൽ ഹൂതികളുടെ മാസ്റ്റർ സ്‌ട്രോക്: ഭീഷണികൾ, പ്രതിസന്ധികൾ, പരിഹാരങ്ങൾ

“If Gaza does not receive the food and medicines it needs, all ships in the Red Sea bound for Israeli ports, regardless of their nationality, will become a target for our armed forces,” ഇസ്രായേല്‍ ഗസയില്‍ യുദ്ധം തുടങ്ങിയ ശേഷം ഐക്യദാര്‍ഢ്യവുമായി യെമനിലെ ഹൂതികള്‍
നടത്തിയ പ്രഖ്യാപനം ആണിത്. ഒക്ടോബറിൽ ഗാസയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പാലസ്‌തീന്‌ ഐക്യദാർഢ്യവുമായി ഹൂതികൾ രംഗത്ത് വന്നിരുന്നു. സുപ്രധാനമായ പടിഞ്ഞാറൻ തീരം ഉൾപ്പെടെ യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബർ മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ചെങ്കടലില്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹൂതികള്‍ക്കെതിരെ യുഎസ് പ്രഖ്യാപിച്ച ചെങ്കടല്‍ സേനയില്‍ അണിചേരാന്‍ സഖ്യരാഷ്ട്രങ്ങള്‍ തന്നെ വിയോജിച്ചതോടെ ചെങ്കടലിൽ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ചെങ്കടലിൽ ഹൂതികൾ ഉപരോധം ഏർപ്പെടുത്തി ഒരു മാസം പിന്നിടുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാവുകയാണ്.

ചെങ്കടൽ റൂട്ടിന്റെ വാണിജ്യ പ്രസക്തി

355 കിലോമീറ്റർ വീതിയും 2250 കിലോമീറ്റർ നീളവുമുള്ള അറേബ്യൻ ഉപദ്വീപിനും ആഫ്രിക്കയ്ക്കുമിടയിൽ കയറിക്കിടക്കുന്ന ഇടുങ്ങിയ കടലാണ് ചെങ്കടൽ.ലോകത്തെ ചരക്കു നീക്കത്തിന്റെ 12 ശതമാനവും, കപ്പൽ നീക്കത്തിന്റെ മുപ്പത് ശതമാനവും കടന്നു പോകുന്ന ബാബ്-അൽ-മന്ദാബ്‌, ഈ പോയന്റിൽ ആണ് ഏതു സമയവും ആക്രമണത്തിന് തയ്യാറായി ചെങ്കടലിൽ ഹൂറികൾ തമ്പടിച്ചിട്ടുള്ളത്. സൂയസ് കനാലിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കോ പുറത്തേക്കോ പോകുന്ന ഏതൊരു കപ്പലിനും ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും ആണ് യാത്ര ചെയ്യേണ്ടി വരിക. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ റൂട്ടാണ് സൂയസ് കനാല്‍. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസങ്ങളിലെ കണക്ക് പ്രതിദിനം ഏകദേശം ഒമ്പത് ദശലക്ഷം ബാരല്‍ ഇന്ധനമാണ് ഈ റൂട്ടിലൂടെ കയറ്റി അയച്ചിരുന്നത്.

അറേബ്യൻ പെനിൻസുലയിൽനിന്ന് എറിട്രിയയെയും ജിബൂട്ടിയെയും വേർതിരിക്കുന്ന കടലിടുക്ക് ആണ് ബാബ്-അൽ-മന്ദാബ്‌, ഈ കടലിടുക്കിൽ വെച്ച് 13 വാണിജ്യ കപ്പലുകളാണ് ഇതുവരെ ഹൂതികൾ ആക്രമിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി ഈ റൂട്ടിലൂടെ ആണ്. ഹൂതികളുടെ ഉപരോധത്തെ തടുർന്ന് ചെങ്കടലിലൂടെയുള്ള എല്ലാ എണ്ണ കയറ്റുമതിയും താത്കാലികമായി നിർത്തിവയ്ക്കുന്നതായി എണ്ണ വ്യവസായ ഭീമൻമാരായ ബി പി പ്രഖ്യാപിച്ചിരുന്നു. കൂടാതെ എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കുമെന്ന റഷ്യയുടെ പ്രഖ്യാപനവും ഈ റൂട്ടിലെ വാണിജ്യ പ്രസക്തി വിളിച്ചോതുന്നതാണ്. എണ്ണ കമ്പനികൾ ഈ ട്രെൻഡ് തുടർന്നാൽ എണ്ണ വില ഉയരുന്നതും കോവിഡിന്റെ സാമ്പത്തിക പരാധീനതകളിൽ നിന്നും ഇനിയും കര കയറാത്ത ലോക രാജ്യങ്ങൾക്കു കൂനിന്മേൽ കുരു ആകും. ഇന്ധനം മാത്രമല്ല. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ,പ്ലൈവുഡ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന കണ്ടെയ്‌നര്‍ കപ്പലുകളും ഈ പാതയിലൂടെ പോകുന്നുണ്ട്.

ഹൂതികളുടെ ചെങ്കടല്‍ ആക്രമണം മൂലം ഷിപ്പിങ് വൈകുമെന്ന് ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിലെ എയിലത്ത് തുറമുഖം പ്രവര്‍ത്തനത്തില്‍ 85 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചെങ്കടൽ വഴിയുള്ള ചരക്കു നീക്കത്തിൽ നിന്നും പിന്മാറിയ ഷിപ്പിംഗ് കമ്പനികളുടെ എണ്ണം ഏതാണ്ട് പന്ത്രണ്ട് എണ്ണം ആയി മാറിയതും നാം കൂട്ടി വായിക്കണം. രണ്ടായിരത്തിലേറെ കപ്പലുകൾ കഴിഞ്ഞ ഡിസംബറിൽ കടന്നു പോയ സൂയസ് കനാലിലൂടെ ഇത്തവണ ഹൂതികളെ ഭയന്ന് കടന്നു പോയത് വെറും മുപ്പത് കപ്പലുകളാണ്. ഡിസംബർ 15ന്, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കാരിയറായ എംഎസ്‌സിയുടെ ‘എംഎസ്‌സി പാലാറ്റിയം III’ന് നേരെയും ഹൂതി വിഭാഗം ആക്രമണം നടത്തി. ഇത് കാര്യങ്ങളെ കൂടുതൽ വഷളാക്കി. ഡിസംബർ 15-ലെ ആക്രമണത്തെത്തുടർന്ന്, ലോകത്തിലെ മൂന്ന് പ്രമുഖ ഷിപ്പിങ് കമ്പനികളായ സിഎംഎ സിജിഎം, ഹാപഗ് ലോയ്ഡ്, മെയസ്‌ക്ക് എന്നിവർക്കൊപ്പം ചെങ്കടലിലൂടെയുള്ള പ്രവർത്തനം നിർത്തിവയ്ക്കുന്നതായി എം എസ് സി അറിയിച്ചിരുന്നു. ഈ നാല് കമ്പനികളാണ് ആഗോള സമുദ്ര വ്യാപാരത്തിന്റെ 53 ശതമാനം കൈകാര്യം ചെയ്യുന്നത് എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഷിപ്പിംഗ് കമ്പനികൾക്ക് മുൻപിലുള്ള ഒരു പരിഹാരം ചെങ്കടൽ റൂട്ടിന് പകരം പകരം ആഫ്രിക്കയുടെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റി ചരക്കുകൾ എത്തിക്കുക എന്നാണ്. ഇതാകട്ടെ ദൈര്‍ഘ്യമേറിയ യാത്രയാണ്. നിലവിൽ ചില കപ്പലുകള്‍ ഇപ്പോള്‍ ഈ മാർഗം ആണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും, പത്ത് ദിവസം അധികം ഓരോ യാത്രക്കും എടുക്കുന്നത് കൊണ്ട് സാമ്പത്തിക ചിലവ് കൂടുതലായിരിക്കും. ചുരുക്കത്തിൽ ആഫ്രിക്ക വഴിയുള്ള ചരക്ക് ഗതാഗതം ലോങ്ങ് ടേമിൽ സാധ്യമല്ല എന്ന് ചുരുക്കം.

യു എസ്- ഇസ്രായേൽ സഖ്യത്തെ കുഴക്കുന്ന പ്രശ്നങ്ങൾ

ഹൂതികൾ നടത്തുന്ന ഉപരോധം ചെറുക്കാനുള്ള യുഎസ് നീക്കം മൊത്തത്തിൽ പാളി എന്ന് തന്നെ ആണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടി കാണിക്കുന്നത്. 39 അംഗ കംബൈൻഡ് മാരിടൈം ഫോഴ്‌സിൽ യുഎസ് വിഷയം അവതരിപ്പിച്ചു. ചെങ്കടലില്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹൂതികള്‍ക്കെതിരെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രഖ്യാപിച്ച ചെങ്കടല്‍ സേനയില്‍ (‘Operation Prosperity Guardian) അണിചേരാന്‍ സഖ്യരാഷ്ട്രങ്ങള്‍ തന്നെ വിയോജിച്ചതോടെ അനുനയനീക്കം നടത്തുകയാണ് അമേരിക്ക. സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് ഏറ്റവുമൊടുവില്‍ സ്‌പെയിനും ആസ്‌ട്രേലിയയും നിലപാട് അറിയിച്ചിട്ടുണ്ട്. ചെങ്കടല്‍ തീരമുള്ള രാഷ്ട്രങ്ങളായ ഈജിപ്തും സൗദിയും സഖ്യത്തില്‍ ചേരാനുള്ള യുഎസ് ക്ഷണം സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് അനുനയനീക്കമെന്നാണ് റിപോര്‍ട്ട്. ബ്രിട്ടന്‍, ബഹ്‌റയ്ന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സീഷില്‍സ്, സ്‌പെയിന്‍ എന്നീ രാഷ്ട്രങ്ങളോട് സേനയുടെ ഭാഗമാകാന്‍ യുഎസ് അഭ്യര്ഥിച്ചെങ്കിലും തണുത്ത പ്രതികരണം ആണ് ലഭിച്ചത്.ചെങ്കടൽ കവാടത്തിൽ സർവ സന്നാഹങ്ങളോടെ യു എസ് മിലിട്ടറി കപ്പൽ ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും എന്തെങ്കിലും തരത്തിലുള്ള ഒരു നീക്കം നടത്താൻ യു എസ്സിന് ഒന്നല്ല ഒൻപത് തവണ ആലോചിക്കേണ്ട സ്ഥിതി വിശേഷമാണുള്ളത്.

ഹൂതികളെ പിന്തുണക്കുന്നത് ഇറാൻ ആണെന്നാണ് യു എസ്സിന്റെ ആരോപണം. ഇറാനെതിരെ കടുത്ത ആരോപണവുമായി യു എസ് രംഗത്തുണ്ടെങ്കിലും തെഹ്‌റാന്‍ അവ നിഷേധിക്കുകയാണ്. മേഖലയെ അസ്ഥിരപ്പെടുത്തി ഹൂതികള്‍ ഏറെയായി തുടരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലമായി സഹായം നിലനില്‍ക്കുന്നുണ്ടെന്നും ലോകത്തിന്റെ കൂട്ടായ നടപടി ഇതിനെതിരെ ആവശ്യമാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് അഡ്രിയന്‍ വാട്‌സന്‍ ഒരു പത്രസമ്മേളത്തിൽ ലോക രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.ഇറാന്റെ കെ എ എസ്-04 ഡ്രോണുകളും ഹൂതികള്‍ ഉപയോഗിക്കുന്ന ആളില്ലാ പേടകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും ഇറാന്‍- ഹൂതി മിസൈലുകള്‍ക്കിടയില്‍ സാമ്യമുണ്ടെന്നും വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. യു എസ്സിനെ സംബന്ധിച്ച് ഒരു കളക്ടീവ് മൂവ്മെന്റ് മാത്രമാണ് ചെങ്കടലിലെ പരിഹാരം അതിനു സഖ്യ രാജ്യങ്ങൾ തയ്യാറാകാത്തിടത്തോളം പ്രശ്ന പരിഹാരം എന്നത് ബാലികേറാമല ആയിരിക്കും.

ഗാസയിൽ യുദ്ധമുഖത്തുള്ള ഇസ്രായേലിനു സംബന്ധിച്ചാകട്ടെ ചെങ്കടലിൽ ഉപരോധം വലിയ തിരിച്ചടി തന്നെ ആണ്. ഗസയിലെ വംശഹത്യ നിര്‍ത്താതെ ചെങ്കടല്‍ വഴി പോകുന്ന ഇസ്രായേല്‍ ബന്ധമുള്ള വാണിജ്യക്കപ്പലുകള്‍ ആക്രമിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഹൂതികള്‍ ആവര്‍ത്തിക്കുന്നത്. ഗാസയിൽ ഇപ്പോഴത്തെ സ്ഥിതി ഗതികൾ നോക്കിയാൽ ഇസ്രായേലിനു മൊത്തത്തിൽ നഷ്ട്ട കച്ചവടമാണ്, അന്‍പത് ബില്ല്യണ്‍ ഡോളറിനു മുകളിൽ ആണ് ഇസ്രായേലിന് ഒന്നര മാസത്തെ ഗാസ ഉന്‍മൂലനത്തിന്‍റെ ആകെ ചിലവ്, അതായത് ജി ഡി പിയുടെ പത്ത് ശതമാനം. അമേരിക്കയുടെ സൈനിക-സാമ്പത്തിക സഹായം ഉണ്ടായാൽ പോലും ലാർജ് സ്കെയിലിൽ ഉള്ള യുദ്ധം അവടെ തുടരാൻ കഴിയ്യാത്ത അവസ്ഥയാണുള്ളത്. കാര്യങ്ങൾ ഇങ്ങനെ ആണെന്നിരിക്കെ ചെങ്കടലിൽ ഹൂതികളെ കൂടി എൻഗേജ് ചെയ്യുക എന്നത് ഇസ്രായേലിനു സംബന്ധിച്ച് പ്രായോഗികമായി നടപ്പുള്ളതല്ല എന്ന് ചുരുക്കം.

ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ റാഞ്ചിയെടുത്താണ് ഹൂതികൾ ചെങ്കടലിൽ തങ്ങളുടെ പദ്ധതി ഉദ്ഘാടനം ചെയ്തത്. യുഎസ് ചെങ്കടല്‍ സംരക്ഷണ സേന പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടല്‍ നിങ്ങളുടെ ശവപ്പറമ്പാവുമെന്നായിരുന്നു ഹൂതികളുടെ മുന്നറിയിപ്പ്. ഇതോടെ, സഖ്യരാഷ്ട്രങ്ങള്‍ പിന്നോട്ടടിക്കുകയായിരുന്നു. ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച്‌ ഇസ്രായേലിൻറെ കപ്പലുകള്‍ക്ക് മലേഷ്യൻ തുറമുഖങ്ങളിൽ പ്രവേശനം നിരോധിച്ചതും ദിവസങ്ങൾക്ക് മുൻപ് ആണ്. ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ നടപടികളോടുള്ള പ്രതികരണമായാണ് ഈ നിരോധനം എന്നാണ് മലേഷ്യയുടെ പ്രധാനമന്ത്രി അൻവര്‍ ഇബ്രാഹിം ഔദ്യോഗിക പ്രസ്താവനയില്‍ വെളിപ്പെടുത്തിയത്.

ഹൂതികളുടെ പ്രസക്തി

അമേരിക്ക, ഇസ്രായേൽ ഉൾപ്പെടുന്ന ലോക രാജ്യങ്ങളുടെ സംബന്ധിച്ച് ഹൂതികൾ വലിയ എതിരാളികളല്ല, കേവലം ഒന്നര ലക്ഷം ആണ് അവരുടെ അംഗ സംഘ്യ തന്നെ, ഒരു മിലിറ്റന്റ് ഗ്രൂപ് ആയിട്ട് പോലും സമീപ കാലത്ത് ആണ് ഒരു യൂണിഫോം പോലും അവർക്ക് സ്വന്തമായി ഉണ്ടായത്. ഹൂതികൾ ലോകത്തെ ഞെട്ടിക്കുന്നത് ഇതാദ്യമല്ല, സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ അക്ഷരാർത്ഥത്തിൽ മിഡിൽ ഈസ്റ്റിനെയും, യു എസിനെയും മുൾമുനയിൽ നിർത്തിയിട്ടുണ്ട്, സൗദിയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ പകുതിയിലധികം സ്തംഭിച്ച ദിവസങ്ങൾ,1991ല്‍ ഗള്‍ഫ് യുദ്ധ കാലത്ത് സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം നടത്തിയ സ്‌കഡ് മിസൈല്‍ ആക്രമണത്തിന് ശേഷം സൗദിയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ ആക്രമണമാണിത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കം അന്ന് റിപ്പോട്ട് ചെയ്തു. 57 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സൗദിയുടെ എണ്ണ ഉല്‍പ്പാദനത്തിന്റെ 50 ശതമാനത്തിലധികം വരുമിത്. ആഗോളതലത്തിലുള്ള എണ്ണ ഉല്‍പ്പാദനത്തിന്റെ ആറ് ശതമാനവും. ഇത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റേയും ഇതിന്റെ ഭാഗമായി ഇന്ധനങ്ങളുടേയും വില കൂടാന്‍ കാരണമായി

സൗദിയിൽ എണ്ണ കേന്ദ്രങ്ങളേയും വ്യോമത്താവളങ്ങളേയും വിമാനത്താവളങ്ങളേയുമെല്ലാം ലക്ഷ്യമിട്ട് നേരത്തെയും ഹൂതികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. യെമനിൽ ഹൂതി വിമതര്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തിനോടുള്ള പ്രതികരണമായിരുന്നു അന്നത്തെ ആക്രമണങ്ങൾ. യു എ ഇയെയും ഹൂതികൾ ഈ തരത്തിൽ പല തവണ ആക്രമിച്ചിട്ടുണ്ട്, ഈ അനുഭവങ്ങൾ ഓർമകളിൽ ഉള്ള രാജ്യങ്ങൾ ഒന്നും തന്നെ അത് കൊണ്ട് തന്നെ ഹൂതികളോട് നേരിട്ട് ഒരു ആക്രമണത്തിന് മുതിരാൻ സാധ്യത ഇല്ല. ഹൂതികളുടെ ആയുധ ശേഖരവും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തതനുസരിച്ച് പ്രഹരശേഷി ഉള്ളതാണ്. ധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അടക്കം കൈവശമുണ്ടെന്നാണ് അവരുടെ അവകാശവാദം . ഇതിനുപുറമെ, ചെങ്കടലില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന ഹൂതികളുടെ പ്രഖ്യാപനം ഇതര രാഷ്ട്രങ്ങളെ ഭീതിപ്പെടുത്താൻ പോന്നതാണ്.

Credits : Al- Jazeera

ഗാസയിലും, ചെങ്കടലിലും ഒരേ ഒരു പരിഹാരം

ഹമാസിനെതിരെ നടത്തുന്ന യുദ്ധമെന്ന് പറയുമ്പോഴും ഗാസയിലെ മരണസംഖ്യ ഇസ്രയേലിന്റെ നീക്കങ്ങളിലെ തെറ്റുകൾ വ്യക്തമാക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ ഉൾപ്പെടെ വിവിധ ലോക രാഷ്ട്ര നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക സംഘടനകളും, മത നേതാക്കളും ആവർത്തിക്കുന്നുണ്ട്. “ഓരോ വർഷവും സംഘർഷങ്ങളിൽ ആകെ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം നൂറുകണക്കിനായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗാസയിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടു. അതിനർത്ഥം സൈനിക പ്രവർത്തനങ്ങൾ നടത്തുന്ന രീതിയിൽ വ്യക്തമായ തെറ്റുണ്ട് എന്ന് തന്നെയാണ്,” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതാണിത്. ചെങ്കടലിൽ ഹൂതികൾക്ക് ലഭിക്കുന്ന റെലെവൻസ് ഏതാണ്ട് ഈ ഒരു കോൺടാക്സ്റ്റിൽ ആണ് പ്രസക്തമാകുന്നത്. ഗാസയിൽ സമാധാനം തിരിച്ചു കൊണ്ട് വരിക, ഭക്ഷണ സാധനങ്ങളും മറ്റും എത്തിക്കുക എന്നതാണ് ഹൂതികൾ ഉയർത്തുന്ന ഡിമാന്റുകൾ, ഈ ആവശ്യങ്ങളാകട്ടെ ലോകത്തിലെ വിവിധ രാഷ്ട്രങ്ങളുടെ കൂടി താൽപ്പര്യത്തിന് സമാനമാണ്. യുഎസ് പ്രഖ്യാപിച്ച ചെങ്കടൽ സേനയിൽ അണിചേരാൻ സഖ്യരാഷ്ട്രങ്ങൾ താൽപ്പര്യം കാണിക്കാത്തതിന് പിന്നിൽ ഈ കാരണം പ്രസക്തമാണ് എന്നതും വസ്തുത ആണ്.

35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘം ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ ചെങ്കടലിൽ നടത്തിയതായി അമേരിക്ക ആരോപിക്കുന്നു. റഷ്യ-യുക്രൈൻ യുദ്ധം ഒരു ഭാഗത്ത്, കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക തകർച്ച മറ്റൊരു ഭാഗത്ത്, ലോകമെമ്പാടും തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ അതാത് ഭരണകൂടങ്ങൾക്കെതിരെ ജനങ്ങൾ തെരുവുകളിൽ ഈ ഒരു സവിശേഷ സാഹചര്യത്തിൽ ഒരു അമിക്കബിൾ സൊല്യൂഷൻ മാത്രമാണ് ഗസ്സയിലും, ചെങ്കടലിലും ഭൂരിപക്ഷം രാജ്യങ്ങളും, ജനങ്ങളും ആഗ്രഹിക്കുന്നത്.

ഐക്യരാഷ്ട്ര സഭ പോലും ഹമാസിനെ ഇതുവരെ ഭീകരവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട് 2007 മുതൽ ഗാസ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ഹമാസ്. ഇസ്രയേൽ ദശാബ്ദങ്ങളായി തുടരുന്ന അധിനിവേശങ്ങളുടെ ദുരിതങ്ങളിൽനിന്നാണ് ഹമാസ് എന്ന സംഘടന രൂപം കൊള്ളുന്നത്. നിരന്തരം ഇസ്രയേൽ ആക്രമണങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ജനതയാണ് ഗാസയിലേത്. ഹമാസിന്റെയും, ചെങ്കടൽ ഉപരോധിക്കുന്നു ഹൂതികളുടെയും, കൂടെ നിരവധി ലോക രാജ്യങ്ങളും അത് കൊണ്ട് തന്നെ ആവശ്യപ്പെടുന്നത് ഒരേ ഒരു കാര്യമാണ്, ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിച്ച് പലസ്തീനികൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക ഇത് ഇസ്രയേലിനെ സംബന്ധിച്ച് സാധ്യമാകുന്ന ഒന്നാണ്. ചെങ്കടലിൽ ചരക്കു നീക്കം തടസ്സങ്ങൾ ഇല്ലാതെ നീങ്ങുകയും, അത് വഴി വിവിധ രാജ്യങ്ങളുടെ സാമ്പത്തിക-വ്യാവസായിക വ്യവഹാരങ്ങൾ തുടരുകയും ചെയ്ത്, സാമൂഹിക സാമ്പത്തിക സുരക്ഷാ ഉറപ്പു വരുത്താൻ നിലവിൽ അത് മാത്രമായിരിക്കും ഒരു പോംവഴി.