‘മോഹൻലാൽ നായകനാകണം’: സ്വപ്ന ചിത്രത്തെ കുറിച്ച് അർജുൻ സർജ

തന്റെ സ്വപ്ന സിനിമയെ കുറിച്ച് തുറന്നു പറഞ്ഞു തമിഴ് സൂപ്പർ സ്റ്റാർ അർജുൻ സർജ. അടുത്ത ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ നായകനാക്കണമെന്നാണ് ആഗ്രഹം എന്ന് താരം ഒരു ചടങ്ങിൽ പറഞ്ഞു. പ്രസ്തുത ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ധ്രുവ സർജ നായകനായി എത്തുന്ന ‘മാർട്ടിൻ’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം. ഏറെ നാളുകളായി ഇതിനെ കുറിച്ച് മോഹൻലാലുമായി ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഈ സിനിമ ഉടനെ ഉണ്ടാകില്ല എന്നാണ് തന്റെ സ്വപ്‌ന ചിത്രത്തെ കുറിച്ച് അർജുൻ തുറന്നു പറഞ്ഞിരിക്കുന്നത്. 12 സിനിമകൾ അർജുൻ സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ പതിമൂന്നാമത്തെ ചിത്രമാകും മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ താരം പ്ലാൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതെ സമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ പ്രിൻസ് ധ്രുവ സർജയുടെ ‘മാർട്ടി’നിൽ നായകനാകുന്നത് അർജുന്റെ സഹോദരി പുത്രൻ കൂടിയായ ധ്രുവ സർജ്ജ ആണ്. ചിത്രത്തിന്റെ കഥ അര്ജുന്റെതും. ദേശസ്നേഹത്തിന്റെ ഒരു ആക്ഷൻ-പാക്ക്ഡ് കഥയായിരിക്കും ചിത്രമെന്നാണ് ഇത് വരെ പുറത്ത് വരുന്ന റിപ്പോട്ടുകൾ. റിലീസിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ധ്രുവ സർജയ്‌ക്കൊപ്പം വൈഭവി ഷാൻഡില്യ, അൻവേഷി ജെയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിതിൻ ധീർ, നവാബ് ഷാ, രോഹിത് പഥക് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

അതേസമയം, ലിജോ ജോസ് പെല്ലിശേരിക്കൊപ്പം ‘മലൈകോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മോഹൻലാൽ ഇപ്പോൾ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’, അതിരൻ ഫെയിം വിവേക് ചിത്രം, അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന റോഡ് ത്രില്ലർ, എമ്പുരാൻ തുടങ്ങിയവ ആണ് മോഹൻലാലിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ. രജനികാന്തിന്റെ ജയിലറിലും മോഹൻലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.