Movie Review: ‘വണ്ടർ വുമൺ’, പൂർണ സംതൃപ്തി തരാത്ത ഒരു അഞ്ജലി മേനോൻ ശ്രമം

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വണ്ടർ വുമൺ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആഗോള ഡിജിറ്റൽ പ്രീമിയർ ആയി ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഒന്നിലധികം ഗർഭിണികളായ സ്ത്രീകളുടെ കഥപറയുന്ന ചിത്രമാണ് വണ്ടർ വുമൺ. നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്,,അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യപ്രസവവും ഗർഭകാലവും മിക്ക സ്ത്രീകൾക്കും വല്യ ക്ലേശകരമായ കാലമാണ്. പലപ്പോളും വീട്ടിലെ മുതിർന്നവർ പറയുന്ന നൂറു അഭിപ്രായങ്ങളിൽ ഏതാണ് ശരി എന്ന് മനസ്സിലാക്കാതെ പെട്ടു പോവും, ഇന്നതാണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ ഉള്ള ഒരു അറിവ് പോലും ചിലപ്പോൾ ആ സമയത്ത് ഉണ്ടാവാറില്ല. അവിടേക്കാണ് ഇപ്പോൾ വളരെ പോപ്പുലർ ആയിക്കൊണ്ടിരുന്ന prenatal classes എന്ന concept നെ പറ്റി Wonder Women എന്ന സിനിമയുമായി അഞ്ജലി മേനോൻ എത്തുന്നത്. ഇംഗ്ലീഷിൽ ആണ്‌ സിനിമ, വളരെ കുറച്ചു മറ്റു ദക്ഷിണേന്ത്യൻ ഭാഷകളും മറാത്തിയും വന്ന് പോകുന്നുണ്ട്. ഒരു ഡോക്യൂഫിക്ഷൻ രൂപത്തിൽ ഉള്ള സിനിമ വെറും 80 മിനിറ്റിൽ താഴെയെ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്. പ്രമേയമോ ആറു ഗർഭിണികൾ ആയ സ്ത്രീകളുടെ കഥയും.

അഞ്ജലി മേനോന്റെ ആഘോഷിക്കപ്പെട്ട സിനിമകൾ ഉൾപ്പടെ എല്ലാം സമ്പന്ന /മധ്യവർഗ്ഗ കുടുംബങ്ങളിലെ സംഘർഷങ്ങൾ, ആഘോഷങ്ങൾ, ഗൃഹാതുരത്വം തുടങ്ങിയവ ആണ്‌ വിഷയങ്ങൾ ആയി വന്നിട്ടുള്ളത് . ഈ സിനിമയിലും സ്ഥിതി ഒട്ടും വ്യതസ്ഥമല്ല. സമൂഹത്തിലെ uppermiddle class എന്ന് വിളിക്കാവുന്ന കൂട്ടത്തിൽപെട്ടവരുടെ കഥയാണ്. അതിലാണ് അഞ്ജലി ഏറ്റവും comfortable ആയിട്ടുള്ളത് എന്ന് നമ്മളെ തോന്നിപ്പിക്കുന്നുണ്ട് ഇവിടെയും. Intersectionality കൊണ്ട് വരാൻ വേണ്ടി ഗ്രേസി എന്ന കഥാപാത്രത്തെ ചേർക്കുന്നിടത്തു വല്ലാതെ പാളി പോകുന്നുണ്ട് സിനിമ.

മൂന്ന് നാല് പ്രാവശ്യം ഗർഭം അലസി പോയതിനു ശേഷം IVF ചെയ്ത് കുഞ്ഞുണ്ടാൻ പോകുന്ന ഭർത്താവ് തന്റെ ഭാര്യ ആണ്‌ ഏറ്റവും പ്രധാനം ഇനി ഒരു കുഞ്ഞല്ല എന്ന് കരഞ്ഞു കൊണ്ട് പറയുന്ന രംഗം മുതൽ ലേബർ റൂമിൽ പാർട്ണറിനെ കയറ്റാൻ സമ്മതിക്കണം എന്നതിന് ‘ലക്ഷ്യ’ മാർഗ്ഗനിർദേശത്തെപറ്റിയുള്ള ബോധവൽക്കരണം വരെയുള്ള കൊച്ചു കൊച്ചു moments ചേർന്നതാണ് സിനിമ. ബോധവൽക്കരണം ആണ്‌ സിനിമയുടെ യഥാർത്ഥ ഉദ്ദേശം എന്ന് കരുതിയാലും തെറ്റുണ്ടാവില്ല. എന്നാൽ ഇങ്ങനെ ഉള്ള moments മാത്രമായി സിനിമ ചുരുങ്ങുന്നു എന്നതാണ് ഏറ്റവും വല്യ ന്യൂനത.

ആറു സ്ത്രീകളിൽ വിവാഹം കഴിഞ്ഞ സ്ത്രീകളുടെ കഥ മാത്രമാണ് കുറച്ചെങ്കിലും പറയാൻ ശ്രമിച്ചത്. പദ്മപ്രിയയുടെ ഭർതൃമാതാവിന്റെ കഥാപാത്രം നിന്നനിൽപ്പിൽ ഫെമിനിസ്റ്റ് ആയത് കണ്ട് സ്‌ക്രീനിൽ കൂടെ ഉള്ളവരെ പോലെ നമ്മളും ഞെട്ടും. അർച്ചന പദ്മിനിയുടെ ഗ്രേസിയുടെ കഥാപാത്രത്തിനോട് ഒരു നീതിയും സിനിമ പുലർത്തിയില്ല. ഞാനെന്റെ കുഞ്ഞിനെ boarding സ്കൂളിൽ അയക്കില്ല എന്ന നിത്യ മേനോന്റെ കഥാപാത്രത്തിന്റെ പ്രഖ്യാപനം ജോലിക്ക് പോകുന്ന അമ്മമാരെ പ്രകോപിതരാക്കിയില്ലെങ്കിലേ ഉള്ളൂ. ഗർഭാവസ്ഥ ഒരു രോഗമല്ല, you all are superheroes എന്ന ഡയലോഗ് ഗർഭസ്ഥ അവസ്ഥയിൽ ഏതു സ്ത്രീയും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ വർഷങ്ങൾക്ക് മുന്നെ പ്രസവത്തിൽ കുഞ്ഞ് മരിച്ചു പോയ നന്ദിത നിർഭാഗ്യവതി എന്ന് പറഞ്ഞു കരയുന്നതൊക്കെ എത്ര പിന്തിരിപ്പൻ ആണെന്ന് സിനിമ എടുക്കുന്ന വേളയിൽ അഞ്ജലി തിരിച്ചറിയാതെ പോയത് അത്ഭുതം ആണ്‌.

സ്ത്രീസൗഹൃദങ്ങളുടെ കഥ പറയുന്ന സിനിമയിൽ വെറുതെ കുറച്ചു കഥാപാത്രങ്ങളെ പരിചയപ്പെടുത്തിവെക്കാതെ ആഴത്തിൽ ഒന്ന് രണ്ടു കഥകൾ എങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോയി. ഒരുപക്ഷെ നദിയ മൊയ്‌ദു മുതൽ അർച്ചന പദ്മിനി വരെ ഒരു പിടി ടാലന്റഡ് ആയ അഭിനേതാക്കളുടെ സാന്നിധ്യം പോലും സംവിധായികക്ക് പൂർണമായും ഉപയോഗിക്കാൻ സാധിച്ചിട്ടില്ല എന്ന് തോന്നുന്നു. അഭിനയിച്ചവയിൽ ഭൂരിഭാഗം പേരും മികച്ച പ്രകടനവും കാഴ്ച വെച്ചിട്ടുണ്ട്, എന്നാൽ തിരക്കഥയിലെ പാളിച്ചകളും ചിത്രത്തെ നല്ല പോലെ ബാധിക്കുന്നതായി കാണാം. ജയ ആയി അഭിനയിച്ച അമൃത സുഭാഷിന്റെ പേര് അഭിനേതാക്കളിൽ എടുത്ത് പറയേണ്ടതായും ഉണ്ട്.

ആർഎസ്വിപി മൂവീസിന്റെയും ഫ്ലയിംഗ് യൂണികോൺ എന്റർടെയ്‌മെന്റിന്റെയും ബാനറിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് . റോണി സ്ക്രൂവാലയും ആഷി ദുവാ സാറയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: മനേഷ് മാധവൻ, എഡിറ്റർ: പ്രവീൺ പ്രഭാകർ. പ്രൊഡക്ഷൻ ഡിസൈനർ: അരവിന്ദ് അശോക് കുമാർ,കോസ്റ്റ്യൂം ഡിസൈനർ: പമ്പ ബിശ്വാസ്,സംഗീതം: ഗോവിന്ദ് വസന്ത,വരികൾ: അഞ്ജലി മേനോൻ,