‘കിങ്ങ്’ എന്ന് വിളിക്കരുത്: ആരാധകരോട് വിരാട് കോഹ്‌ലിയുടെ അഭ്യർത്ഥന

‘കിങ്ങ്’ എന്ന് തന്നെ വിളിക്കരുതെന്ന ആവശ്യവുമായി സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ചൊവ്വാഴ്ച ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിയിലായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു കോഹ്ലിയുടെ മറുപടി. നിങ്ങള്‍ എന്നെ കിങ്ങ് എന്ന് വിളിക്കുന്നത് നിര്‍ത്തണം. എല്ലാ വര്‍ഷവും നിങ്ങള്‍ എന്നെ ആ പേര് വിളിക്കുന്നത് എനിക്ക് വളരെ നാണക്കേടാണ്, എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹം ആരാധകരോട് പറഞ്ഞത്.

‘കിങ് എന്ന വിളി കേൾക്കുമ്പോൾ തനിക്ക് നാണക്കേട് തോന്നാറുണ്ട്. ഒന്നാമതായി എന്നെ കിങ് എന്നു വിളിക്കുന്നത് നിർത്തണം. ദയവായി കോഹ്ലി എന്നു വിളിക്കു. ഓരോ തവണയും നിങ്ങൾ എന്നെ ആ വാക്ക് വിളിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. അതുകൊണ്ട് എന്നെ വിരാട് എന്ന് വിളിച്ചാൽ മതി, ഇനി മുതൽ ആ വാക്ക് ഉപയോഗിക്കരുത്, ഇത് എനിക്ക് വളരെ നാണക്കേടാണ്’ -കോഹ്ലി പറഞ്ഞു. അദ്ദേഹം വീണ്ടും ഐ പി എൽ കളിക്കുന്നത് ഏറെ ആവേശകരമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയന്‍ നിവാസിയായ കുനാല്‍ ഗാന്ധി എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍ കോഹ്ലിയെ വിശേഷിപ്പിക്കാന്‍ ‘കിങ്ങ്’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് താനാണെന്ന് ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാം. ഇത് 9-ാം തവണയാണ് സിഎസ്‌കെ ഒരു ഐപിഎല്‍ എഡിഷനിലെ ആദ്യ മത്സരം കളിക്കുന്നത്. എല്ലാ ദിവസത്തെ മത്സരങ്ങളും ഉച്ചകഴിഞ്ഞ് 3:30 ന് ആരംഭിക്കും. രണ്ടാം മത്സരമുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7:30 ന് ആരംഭിക്കും. ആദ്യത്തെ 17 ദിവസം നീണ്ട ഷെഡ്യൂളില്‍ 21 മത്സരങ്ങള്‍ നടക്കും.