Review-മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്; ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനർ

‘അഡ്വ മുകുന്ദൻ ഉണ്ണി’ എന്ന പേര് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതമായ ഒരു പേരാണ്. മലയാള സിനിമ ഇന്ഡസ്റ്റീരിയിലെ ഏറ്റവും വലിയ കൊമേർഷ്യൽ ഹിറ്റുകളിൽ ഒന്നായ ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രം. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു ചിത്രത്തിന് അത്തരം ഒരു പേര് കൂടി വന്നു ചേരുമ്പോൾ തിയ്യേറ്ററിലേക്ക് പോന്ന പ്രേക്ഷകന് പല തരം പ്രതീക്ഷകൾ ഉണ്ടാകും. പ്രത്യേകിച്ച് ചിത്രത്തിന്റെ സംവിധായകൻ ഒരു എഡിറ്ററും അയാളുടെ മുൻകാലങ്ങളിൽ എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഗോദ, ആനന്ദം, കട്ടബൊമ്മയ്, , ഉറിയടി പോലെ ഉള്ള ചിത്രങ്ങൾ കൂടി ആകുമ്പോൾ. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പ്രമോഷൻ പരിപാടികളും നവ മാധ്യമങ്ങളിലും ഏറെ ചർച്ച നേടിയിരുന്നു. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ പൂർണമായും നിറവേറ്റുന്ന ഒരു ചലച്ചിത്ര അനുഭവം ആയി ‘ മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്സ്; എന്ന ചിത്രം മാറി എന്നതാണ് പ്രേക്ഷകന് എന്ന നിലയിൽ അനുഭവം.

“മനുഷ്യൻ മിക്കപ്പോഴും ഗ്രേയാണ്, ചില സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും കറുപ്പാണ്” എന്ന് എഴുതിക്കാണിക്കുന്ന ആദ്യ വാചകത്തില്‍ തുടങ്ങുന്ന ചിത്രം അക്ഷരാർത്ഥത്തിൽ ആ വാചകത്തോട് നീതി പുലർത്തി കൊണ്ട് ആണ് അവസാനിപ്പിക്കുന്നത്. അതിൽ ഹ്യുമർ ഉണ്ട്, മനുഷ്യാവസ്ഥകളുണ്ട്, സോഷ്യൽ ഡ്രാമയും ഉണ്ട്.

സ്‍ക്രീൻ മുഴുവൻ വേണ്ട എന്ന് കേന്ദ്ര കഥാപാത്രക്കെകൊണ്ട് പറയപ്പിച്ചാണ് ‘മുകുന്ദൻ ഉണ്ണി’യുടെ ലോകത്തിലേക്ക് സംവിധായകൻ പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്. മലയാളസിനിമയിൽ അധികം പ്രതിപാദിച്ചു കണ്ടിട്ടില്ലാത്ത പുതിയൊരു പ്രമേയമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. വക്കീൽ കഥാപാത്രങ്ങളും കോടതി പരിസരവും ചർച്ചയാകുന്ന കോമിക്, ത്രില്ലെർ, ഇൻവെസ്റ്റിഗേഷൻ സിനിമകൾ ഏറെ ഉണ്ടായിട്ടുള്ള ഒരു ഇൻഡസ്ട്രി ആണ് മലയാളം ഇൻഡസ്ട്രി. എന്നാൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം സഞ്ചരിക്കുന്നത് ഏറെ വിഭിന്നമായ മേഖലകളിലൂടെ ആണ്. നമുക് പരിചിതമല്ലാത്ത ജീവിതങ്ങൾ, തമാശകൾ, നിസ്സഹായാവസ്ഥകൾ അങ്ങനെ മനുഷ്യമനസ്സിന്റെ പല വിഹലതകളും ചിത്രം വളരെ സറ്റയറിക്കൽ ആയി പ്രതിപാദിക്കുന്നുണ്ട്.

മുകുന്ദൻ ഉണ്ണി’ ആയി വിനീത് ശ്രീനിവാസൻ തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് പുറത്തെടുത്ത സിനിമയാണ് ഇത്. കല്‍പ്പറ്റക്കാരനായ ‘മുകുന്ദൻ ഉണ്ണി’ തന്റെ വക്കീല്‍ കരിയറില്‍ വലിയൊരു ഉയര്‍ച്ച സ്വപ്‍നം കണ്ട് നടക്കുന്നയാളാണ്. ജീവിതത്തില്‍ വിജയിക്കാൻ വേണ്ടത് എന്ന് പുസ്‍തകങ്ങളും മോട്ടിവേഷൻ സ്‍പീക്കേഴ്‍സുമെല്ലാം പറയുന്ന കാര്യങ്ങള്‍ ‘മുകുന്ദൻ ഉണ്ണി’ ജീവിത്തില്‍ പാലിക്കുന്നുണ്ട്. പക്ഷേ വിചാരിച്ച അത്ര ജീവിതത്തില്‍ മുന്നോട്ടുപോകാനാകുന്നില്ല. ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളത് എന്ന് വിശ്വസിക്കുന്ന ‘മുകുന്ദൻ ഉണ്ണി’യുടെ ജീവിതയാത്രയാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്.

ജീവിതത്തില്‍ വിജയം സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന ഒരാളായി മാറുന്നു ‘മുകുന്ദൻ ഉണ്ണി’ എന്നിടത്ത് ചിത്രം പലപ്പോഴും ഒരു കോമഡി എന്റർടൈനർ എന്നതിനോടൊപ്പം ഒരു ത്രില്ലർ മൂവിയുടെ സാധ്യതകളും പങ്കു വെക്കുന്നുണ്ട്. ‘മുകുന്ദൻ ഉണ്ണി’യുടെ ജീവിതത്തിലെ തുടര്‍ സംഭവങ്ങളുടെ നാടകീയതയും സംഘര്‍ഷങ്ങളും എല്ലാം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിലെ വളര്‍ച്ച പറയുമ്പോള്‍ തന്നെ കേവലം വക്കീല്‍ കഥ മാത്രമാകാതെയുമിരിക്കുന്നു ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’. ആശുപത്രി, ഇൻഷൂറൻസ്, രാഷ്‍ട്രീയം, പൊലീസ് തുടങ്ങിയ മേഖലകളെല്ലാം ഉള്‍പ്പെടുന്ന പലതരം കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിനൊപ്പം ചേരുന്നു. ‘മുകുന്ദൻ ഉണ്ണി’ക്കൊപ്പം ചേരുന്നവരും വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവരും തീര്‍ച്ചയായും ഉണ്ടാകുമെന്നതിനാല്‍ പതിവ് നായകസങ്കല്‍പ്പത്തില്‍ നിന്ന് ചിത്രം വേറിട്ടും നില്‍ക്കുന്നു. വിനീത് ശ്രീനിവാസന്റെ നരേഷനും പ്രേക്ഷകരെ തിയേറ്ററിൽ പൊട്ടി ചിരിപ്പിക്കുന്നുണ്ട്. നടപ്പിലും നോട്ടത്തിലുമെല്ലാം തന്റെ കരിയറിലെ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ എതിര്‍ദിശയിലുള്ള ‘മുകുന്ദൻ ഉണ്ണി’യായി വിനീത് ശ്രീനിവാസൻ അക്ഷരാര്‍ഥത്തില്‍ മാറിയിരിക്കുന്നു.

കഥ പറച്ചിലില്‍ ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം കയ്യൊപ്പു ചാർത്താൻ സംവിധായകൻ അഭിനവ് സുന്ദര്‍ നായകിന് സാധിച്ചിരിക്കുന്നു എന്നത് സമീപ കാലങ്ങളിലെ ഇറങ്ങിയ പല മലയാള സിനിമ സംവിധായകർക്കും പിന്തുടരാവുന്ന മാതൃക ആണ്. ഡബിൾ മീനിങ്ങോ, മറ്റു മനുഷ്യത്വ വിരുദ്ധതകളോ ഇല്ലാതെ പ്രേക്ഷകനെ ചിരിപ്പിക്കാനും, ഒപ്പം ഒരു സെറ്റ് എഡ്ജിങ് എക്സ്പീരിയൻസ് നൽകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കേവലം കഥ പറയുന്നതിന് പകരം പുത്തൻ ദൃശ്യാഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ് അഭിനവ് സുന്ദര്‍ നായക്. ആനിമേഷന്റെയടക്കം സാധ്യതകള്‍ സ്വീകരിച്ചാണ് അഭിനവിന്റെ ചലച്ചിത്രാഖ്യാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും, ഛായാഗ്രഹണവും മനോഹരമായ അനുഭവമാണ്.

വിമല്‍ ഗോപാലകൃഷ്‍ണനൊപ്പം തിരക്കഥയിലും അഭിനവ് സുന്ദര്‍ നായക് പങ്കാളിയായിരിക്കുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്ര നിര്‍മിതിയില്‍ വളരെ സൂക്ഷ്‍മ പുലര്‍ത്തിയിരിക്കുന്ന തിരക്കഥയാണ് ഇരുവരുടേതും. ഓരോ രംഗങ്ങളും ചരടില്‍ കോര്‍ത്തെന്ന പോലെ തുടര്‍ കാഴ്‍ചകളിലേക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇവരുടെ എഴുത്ത്. ഡാർക് ഹ്യുമാറിനെ ബുദ്ധിപൂര്‍വം ഉപയോഗിക്കുകയും ചെയ്‍തിരിക്കുന്ന തിരക്കഥയാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സി’ന്റേത്.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് നിർമാണം. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, അൽത്താഫ് സലിം എന്നീ കഥാപാത്രങ്ങളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്യാമറ- വിശ്വജിത്ത് ഒടുക്കത്തിൽ, അഭിനവ് സുന്ദർ നായകും നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികൾക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകർന്നിരിക്കുന്നത്.