‘കാണേണ്ട കാഴ്ചയാണ് ഈ തമാശ കല്യാണം’; മികച്ച പ്രേക്ഷക പ്രതികരണവുമായി ‘ഗുരുവായൂരമ്പല നടയിൽ’

ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. ജയ ജയ ജയ ജയ ഹേ പോലെ തന്നെ ഹ്യുമാറിന് പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രത്തിന്റെ പശ്ചാത്തലം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടക്കുന്ന വിവാഹമാണ്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി-ബേസിൽ കൂട്ടുകെട്ട് തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട്. ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 55 ലക്ഷവും ഓവർസീസിൽ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷൻ എന്നും അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.

അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. താരങ്ങളുടെ പ്രകടനംകൊണ്ടും വർണാഭമായ കാഴ്ചകൾകൊണ്ടും സമ്പന്നമാണ് ​ഗുരുവായൂരമ്പല നടയിൽ എന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള പ്രതികരണം.