യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയിൽ ഇന്ന് മിലാൻ ഡെർബി. ഇറ്റാലിയൻ തുല്യ ശക്തികളായ എ സി മിലാൻ ഇന്‍റർ മിലാനെ നേരിടും. എ സി മിലാന്‍റെ തട്ടകമായ സാൻ സിറോയിലാണ് മത്സരം. പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ലീഗ് പോരിൽ എ സി മിലാനും ഇന്‍റർ മിലാനും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകയും മത്സരത്തിനുണ്ട്. സീസണിൽ മിലാൻ വമ്പന്‍മാർ മുഖാമുഖം വരുന്ന നാലാമത്തെ പോര്. ഇറ്റാലിയന്‍ ലീഗായ സെരി എ യിൽ ഇരുടീമും ഓരോ ജയം നേടിയപ്പോൾ ഇറ്റാലിയൻ സൂപ്പർ കോപ്പയിൽ ജയം ഇന്‍ററിനൊപ്പമായിരുന്നു. നേർക്കുനേർ കണക്കിലും ഇന്‍ററിനാണ് മേൽക്കൈ. ഇന്‍റർ 87 കളിയിലും മിലാൻ 79 കളിയിലും ജയിച്ചു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ മിലാനെ തോൽപിക്കാൻ ഒരിക്കൽപ്പോലും ഇന്‍ററിന് കഴിഞ്ഞിട്ടില്ല.
ക്വാർട്ടർ ഫൈനലിൽ മറ്റൊരു ഇറ്റാലിയൻ ക്ളബ് ബെൻഫിക്കയെ കീഴടക്കിയാണ് എ സി മിലാൻ സെമി പ്രവേശനം ഉറപ്പാക്കിയതെങ്കിൽ ഇന്റർ നാപോളിയെ കീഴടക്കിയാണ് യോഗ്യത നേടിയത്. അർജന്റീനിയൻ താരം മാർട്ടിനസ്, റൊമേലു ലുകാകു അടങ്ങുന്ന താര നിരയിൽ ആണ് ഇന്ററിന്റെ പ്രതീക്ഷകൾ. ഫ്രാൻസിന്റെ സൂപ്പർ താരം ഒലിവർ ജിറൂദ്, ലിയോ തുടങ്ങിയവരിൽ ആണ് എ സി മിലൻറെ പ്രതീക്ഷ. രാത്രി 12 .30 മുതൽ (ഇന്ത്യൻ സമയം) ആണ് മത്സരം.
അതെ സമയം യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആദ്യ സെമിയിൽ റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ തളച്ചു. സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഇരുടീമും ഓരോ ഗോൾ വീതം നേടി. 36-ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനെ മുന്നിലെത്തിച്ചത്. സീസണിൽ വിനീഷ്യസിന്‍റെ 23-ാമത്തെ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ 67-ാം മിനുറ്റില്‍ കെവിന്‍ ഡബ്രൂയിനെയിലൂടെയായിരുന്നു സിറ്റിയുടെ സമനില ഗോൾ.