യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം! സിറ്റി-ഇന്റർമിലാൻ പോരാട്ടം ഇന്ന്

ക്ലബ് ഫുട്ബോൾ പ്രേമികളുടെ കണ്ണും, ഹൃദയവും ഇന്ന് തുർക്കി ഇസ്താംബൂളിലെ അറ്റാതുർക് ഒളിമ്പിയറ്റ് സ്റ്റേഡിയത്തിലേക്ക് നീങ്ങും. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് പോരാട്ടമായ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ സീസണിൽ മൂന്നു കിരീടം എന്ന നേട്ടത്തിൽ സിറ്റിക്ക് എതാൻ സാധിക്കും. മാഞ്ചസ്റ്റർ സിറ്റിയെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ എത്തിക്കുകയെന്നതാണ് മുഖ്യ പരിശീലകൻ പെപ് ഗാർഡിയോളയുടെ ലക്ഷ്യം. ഇന്റര്‍, എസി മിലാനെയും മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡിനെയുമാണ് സെമിയില്‍ പരാജയപെടുത്തിയത്.

ഗോളടി യന്ത്രം ഏർലിങ് ഹാളണ്ടാണ് സിറ്റിയുടെ കുന്തമുന. സീസണിന്റെ പകുതിയിൽ ഹാളണ്ടിനെ കൃത്യമായി മാർക്ക് ചെയ്ത സിറ്റിയെ പല ടീമുകളും പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട് ആ തന്ത്രം ഫലിച്ചില്ലെങ്കിലും ഹാളണ്ടിനെ പൂട്ടുക എന്നതായിരിക്കും കളിക്കളത്തിൽ ഇന്റർ മിലാൻ താരങ്ങളുടെ പ്രഥമ ലക്ഷ്യം. ഹാളണ്ടിന് പുറമെ കെവിൻ ഡി ബ്രൂയിൻ, ജാക് ഗ്രീലിഷ്, പ്രതിരോധത്തിൽ മികച്ച ഫോമിൽ ഉള്ള വോക്കർ അടങ്ങുന്നവരാണ് സിറ്റിയുടെ പ്രതീക്ഷ. പ്രതിരോധത്തിന് പേരുകേട്ടവരാണ് ഇറ്റാലിയൻ ടീമുകൾ. എന്നാൽ, ഫുട്ബോളിലെ മാസ്റ്റർ മൈൻഡ് എന്നറിയപ്പെടുന്ന പെപ് ഗാർഡിയോളയുടെ സിറ്റിക്ക് എതിരെ ഏത് തരത്തിലുള്ള നീക്കമാണ് കളിക്കളത്തിൽ ഇന്റർ നടത്തുക എന്നത് കണ്ടറിയണം.

ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ സിറ്റി എത്തുന്നത്. കഴിഞ്ഞ പന്ത്രണ്ട് മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രം പരാജയം നേരിട്ട ഇന്റർ മിലാൻ ലീഗിൽ മൂന്നാം സ്ഥാനത്താണ്. അർജന്റീനിയൻ താരം ലൗതാറോ മാർട്ടിനെസാണ് ഇന്ററിനായി ഗോളുകൾ നേടി കുതിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇന്റർ മിലൻ ഇറങ്ങുന്നത്.