UCL | ഇത്തിഹാദിൽ അടി തെറ്റി ബയേൺ; സിറ്റിയുടെ ജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിച്ചിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് സിറ്റി ജർമൻ വമ്പന്മാരെ തകർത്തത്. റോഡ്രി, ബെർണാഡോ സിൽവ, എർലിങ് ഹാലണ്ട് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. കൊണ്ടും കൊടുത്തും തുല്യ ശക്തികളുടെ പോരാട്ടം കണ്ട ആദ്യ ഇരുപത്തി അഞ്ചു മിനിട്ടുകൾക്ക് ശേഷം റോഡ്രിയുടെ തകർപ്പൻ ഗോളിലൂടെ സിറ്റി മുന്നിലെത്തി. സില്വയുടെ പാസിൽ നിന്നും 30 വാര അകലെ നിന്ന് ഇടംകാൽ കൊണ്ടുള്ള റോഡ്രിയുടെ ഷോട്ട് ബയേൺ വല ഭേദിച്ചു. സമനില ഗോളിന് വേണ്ടി ബയേൺ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധം അചഞ്ചലമായി നില കൊണ്ടു.

ബയേൺ പ്രതിരോധ താരം ഉപമാകാനോയുടെ പിഴവിൽ നിന്നായിരുന്നു സിറ്റിയുടെ രണ്ടാമത്തെ ഗോൾ, അവസരം മുതലെടുത്ത ഗ്രീലിഷ് പന്ത് ഹാലാൻഡിന് കൈമാറി ബോക്സിൽ കാത്തു നിന്ന സിൽവക്ക്, ഹാലാൻഡ് പാസ് മറിച്ച് നൽകി. തകർപ്പൻ ഹെഡറിലൂടെ സിൽവ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. ഗോളടി യന്ത്രം ഹാലാൻഡ് വക ആയിരുന്നു സിറ്റിയുടെ മൂന്നാമത്തെ ഗോൾ.

ബയേണിന്റെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തിൽ മിനിമം 4 ഗോളുകൾ നേടിയാൽ ( ഗോൾ ഒന്നും വഴങ്ങാതെ) മാത്രമേ ബയേണിന് ഇനി ചാമ്പ്യൻസ് ലീഗിൽ സാധ്യത ഉള്ളു, സിറ്റി ആകട്ടെ സമനില പോലും സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ ധാരാളമാണ്. ഇന്ന് നടന്ന മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ഇന്റർമിലാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെനെഫിക്കയെ തോൽപ്പിച്ചു. ബറേലിയും, പെനാൽറ്റിയിലൂടെ ലുകാകുവും ആണ് ഇന്ററിനു വേണ്ടി വല ചലിപ്പിച്ചത്.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നാളെ നടക്കുന്ന ക്വാർട്ടർ മത്സരങ്ങളിൽ സ്പാനിഷ് അതികായകരായ റിയൽ മാഡ്രിഡ് ചെൽസിയെ നേരിടുമ്പോൾ മറ്റൊരു മത്സരത്തിൽ നാപോളി, ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാനെ നേരിടും. ഇന്ത്യൻ സമയം 12 .30 ന് ആണ് ഇരു മത്സരങ്ങളും.