UCL- ചെൽസിക്ക് ഇന്ന് ജീവന്മരണ പോരാട്ടം; രണ്ടാം മത്സരത്തിൽ മിലാൻ നാപോളിയെ നേരിടും

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിക്ക് ഇന്ന് ജീവന്മരണ പോരാട്ടം. മുന്‍ ചാംപ്യന്‍മാരായ ചെല്‍സി സ്വന്തം തട്ടകത്തില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനെ നേരിടുന്നത് രണ്ടുഗോള്‍ കടവുമായിട്ടാണ്.സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യൻ സമയം രാത്രി 12.30 – ന് ആണ് മത്സരം. ആദ്യ പാദ ക്വാർട്ടറിൽ റയൽ ഹോം ഗ്രൗണ്ട് ആയ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കരീം ബെന്‍സേമയുടെയും മാര്‍കോ അസെന്‍സിയോയുടേയും ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.

ടോണി ക്രൂസും വിനിഷ്യസ് ജൂനിയറും പരിക്ക് മാറിയെത്തുന്നതോടെ പൂര്‍ണകരുത്തുമായാണ് റയല്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലിറങ്ങുന്നത്. ബെന്‍സേമ തന്നെയായിരിക്കും ഇന്നും ചെല്‍സിക്ക് ഭീഷണിയാവുക. ഫ്രഞ്ച് താരം കാമവിന്ഗയുടെ തകർപ്പൻ ഫോമും മാഡ്രിഡിന് ആത്മവിശ്വാസം നൽകും. അതെ സമയം ചെല്‍സിയാവട്ടെ പുതിയ കോച്ച് ഫ്രാങ്ക് ലാപാര്‍ഡിന് കീഴില്‍ ഒറ്റക്കളിയും ജയിക്കാനാവാതെ കിതയ്ക്കുകയാണ്. ആദ്യപാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട ബെന്‍ ചില്‍വെല്ലിന്റെ അഭാവവും ചെല്‍സിക്ക് തിരിച്ചടിയാവും. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസി ബ്രൈട്ടനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഒരു സമനില പോലും മാഡ്രിഡിന് സെമി ഫൈനൽ പ്രവേശനം സാധ്യമാക്കും, എന്നാൽ ചെൽസിക്ക് രണ്ടു ഗോളിലധികമുള്ള ജയം അനിവാര്യമാണ്.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ എ സി മിലാന്‍ എവേ ഗ്രൗണ്ടില്‍ നാപ്പോളിയെയും നേരിടും. മുന്‍ ചാംപ്യന്‍മാരായ എസി മിലാന്‍ ഒരുഗോള്‍ ലീഡുമായാണ് നാപ്പോളിയെ നേരിടാനിറങ്ങുന്നത്. ആദ്യപാദത്തില്‍ ഇസ്മായില്‍ ബെന്നസറാണ് സെരി എയിലെ ആദ്യസ്ഥാനക്കാരായ നാപ്പോളിക്കെതിരെ മിലാന്റെ നിര്‍ണായക ഗോള്‍ നേടിയത്.