‘ഇന്ന് പരിഹസിച്ചവർക്ക് അന്നെന്നോട് അസൂയ തോന്നും’; ചർച്ചയായി ടോവിനോ തോമസിന്റെ പഴയ ഫേസ്ബുക് പോസ്റ്റ്

മിന്നൽ മുരളി എന്ന മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ മൂവിക്കു ശേഷം സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യുന്ന രണ്ടു പേരാണ് ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫും, നടൻ ടോവിനോ തോമസും. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലൂടെ പാൻഇന്ത്യൻ സ്റ്റാറായും ടൊവിനോ തോമസ് മാറിക്കഴിഞ്ഞു. താരത്തിന്റെ അശ്രാന്ത പരിശ്രമമാണ് ഈ വിജയത്തിന് പിന്നിൽ എന്ന് നിസംശയം പറയാനാകും. ഈ അവസരത്തിൽ ടൊവിനോ പങ്കുവച്ച പഴയൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

2011 ജൂണിൽ ടൊവിനോ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം . ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’, എന്നായിരുന്നു ടൊവിനോ കുറിച്ചിരുന്നത്.

ഹരിശ്രീ അശോകൻ, ബൈജു, അജു വർ​ഗീസ്, സ്നേഹ ബാബു, മാമുക്കോയ, ഫെമിന ജോർജ് തുടങ്ങിയ താരങ്ങളും മിന്നൽ മുരളിയുടെ ഭാ​ഗമാണ്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നിർമാതാവ് സോഫിയ പോൾ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.