മരുഭൂമി ജീവിതത്തിന്റെ തീക്ഷണതയും യാതനയുമായി നജീബ്; ‘ആടുജീവിതം’ ഫസ്റ്റ് ലുക്ക്

മലയാളികൾ ഹൃദയത്തോട് ചേർത്ത് വെച്ച ബെന്യാമിന്റെ നോവൽ ‘ആടുജീവിതം’ മരുഭൂമി ജീവിതത്തിന്റെ തീക്ഷണതയും ദൈന്യതും നിറഞ്ഞ ജീവിതം നേരിട്ട നജീബിന്റെ കഥയാണ്. ആട് ജീവിതം സിനിമയാകുന്നു എന്ന വാർത്ത മുതൽ ചിത്രത്തിനായുള്ള നീണ്ട കാത്തിരിപ്പിൽ ആണ് സിനിമ പ്രേമികൾ. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സിയുടെ സംവിധാനത്തിലെത്തുന്ന ‘ആടുജീവിതം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസ് പുറത്തുവിട്ടു. നജീബായി പരകായപ്രവേശം നടത്തിയ പൃഥ്വിരാജിന്റെ മുഖവുമായിട്ടാണ് പോസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഏപ്രിൽ 10നാണ് റിലീസ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. ജോര്‍ദാൻ പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14നാണ് പൂര്‍ത്തിയായത്. മികവിന്‍റെ ഒരു വലിയ നിരയാണ് ചിത്രത്തിനൊപ്പം അണിനിരക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം.

ചിത്രത്തെ കുറിച്ച് സംവിധായകൻ ബ്ലെസ്സി പറഞ്ഞതിങ്ങനെ “ആടുജീവിതം സാർവത്രിക ആകർഷണീയതയുള്ള ഒരു വിഷയമാണ്, അതിന്റെ ആഖ്യാന ശൈലിയോട് കഴിവതും സത്യസന്ധത പുലർത്തണമെന്നതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ നോവൽ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പലപ്പോഴും കഥകളെക്കാള്‍ വിചിത്രമാണ് സത്യം. ഈ ചിത്രം പൂര്‍ണ്ണമായും തീയറ്റര്‍ ആസ്വാദനം ആവശ്യമായ സിനിമയാണ്. ഈ ‘മാഗ്നം ഓപ്പസ്’ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”