കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. രണ്ടര ദിവസത്തിലേറെ മഴ തടസപ്പെടുത്തിയ കളിയിലാണ് ഇന്ത്യയുടെ വിജയം. ഇതോടെ രണ്ട് മത്സരങ്ങളുള്ള സീരിസും ഇന്ത്യ സ്വന്തമാക്കി. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സ് വിജയം നേടിയിരുന്നു.
രണ്ടാം ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. യശസ്വി ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സിലും സ്വന്തമാക്കിയ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യയുടെ ജയം. 45 പന്തില്‍ 51 റണ്‍സാണ് ജയ്‌സ്വാളിന്റെ പങ്ക്. വിരാട് കോലി (37), ഋഷഭ് പന്ത് ( നാല്) ചേര്‍ന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റണ്‍സ് കുറിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (8), ശുഭ്മന്‍ ഗില്‍ (6) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്ത മറ്റ് രണ്ട് താരങ്ങള്‍.
ഒന്നാമിന്നിംഗ്‌സിൽ 233 റൺസായിരുന്നു ബംഗ്ലാദേശ് നേടിയത്. എന്നാൽ മഴ വില്ലനായതോടെ ഇന്ത്യയ്‌ക്കും കാര്യങ്ങൾ അനുകൂലമാക്കുന്നത് വെല്ലുവിളിയായി. കളിയുടെ നാലാം ദിനം ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗ് 285 റൺസിൽ നിൽക്കവേ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാമിന്നിംഗ്‌സിലും ബംഗ്ലാദേശിന് ബാറ്റിംഗിൽ ശോഭിക്കാനായില്ല. . 47 ഓവറിൽ ബംഗ്ലാദേശിന്റെ വീര്യം 146 റൺസിലൊതുങ്ങി.