ത്രസിപ്പിക്കുന്ന വിജയത്തോടെ ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യ രണ്ടാം തവണയും മുത്തമിട്ടിരിക്കുന്നു. ബാര്‍ബഡോസിലെ ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് രോഹിതും സംഘവും കിരീടമുയര്‍ത്തിയത്. ഐസിസിയുടെ കിരീടത്തിനായുള്ള നീണ്ട കാലത്തെ ഇന്ത്യന്‍ കാത്തിരിപ്പിനും ഇതോടെ വിരാമമായിരിക്കുകയാണ്. ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ മാര്‍കോ ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ രണ്ടാം ഓവറില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ രോഹിത് ശര്‍മയാണ് (9) ആദ്യം മടങ്ങുന്നത്. മഹാരാജിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ഹെന്റിച്ച് ക്ലാസന്റെ കയ്യിലൊതുങ്ങി. നേരിട്ട രണ്ടാമത്തെ പന്തില്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പന്തും മടങ്ങി. മഹാരാജിന്റെ ഫുള്‍ടോസ് ബാറ്റി തട്ടി പൊങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് അനായാസമായി കയ്യിലൊതുക്കി. നാല് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ റബാദയും, ക്ലാസന്റെ കൈകളിലെത്തിച്ചു. ഇതോടെ മൂന്നിന് 34 എന്ന നിലയിലായി ഇന്ത്യ.

പിന്നീട് സ്ഥാനക്കയറ്റം നേടിയെത്തിയ അക്സര്‍ പട്ടേലും, വിരാട് കോഹ്‌ലിയും ചേർന്ന കൂട്ടുകെട്ട് ആണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. ഈ കൂട്ടുകെട്ട് 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ അക്സര്‍ റണ്ണൗട്ടായി. നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു അക്സറിന്റെ ഇന്നിംഗ്സ്. അക്സര്‍ മടങ്ങിയെങ്കിലും ദുബെ, കോലിക്ക് നിര്‍ണാക പിന്തുണ നല്‍കി. ഇരുവരും 57 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 19-ാം ഓവറില്‍ കോലി ജാന്‍സന് വിക്കറ്റ് നല്‍കി. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. അവസാന ഓവറില്‍ ദുബെ, രവീന്ദ്ര ജഡേജ (2) എന്നിവര്‍ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു.