സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിജയ് നായകനായ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റുകളും പ്രേക്ഷകർ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ‘ജയിലറെ’ കുറിച്ച് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.മലയാളികളുടെ പ്രിയ താരം മോഹൻലാല്‍ രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. കന്നഡയില്‍ നിന്ന് ശിവരാജ്‍കുമാറും രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കോലമാവ് കോകില, ഡോക്ടർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ നെല്‍സണിന് പക്ഷെ വിജയ് ചിത്രം ബീസ്റ്റ് തിരിച്ചടിയായിരുന്നു. ദർബാർ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് കൊണ്ട് രജനീകാന്തിനും ഒരു തിരിച്ചുവരവ് ആവശ്യമാണ്. അത് കൊണ്ട് തന്നെ ജയിലർ ഏറെ പ്രത്യേകതയുള്ള ചിത്രമാണ്. തമന്നയും രമ്യ കൃഷ്ണനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം വിജയ് കാര്‍ത്തിക് കണ്ണനാണ് .സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍.