‘മികച്ച സിനിമാനുഭവം’; മാരി സെൽവരാജ് ചിത്രം ‘വാഴൈ’യെ പുകഴ്ത്തി രജനി കാന്ത്

തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന മാരി സെൽവരാജ് ചിത്രം ‘വാഴൈ’യെ പുകഴ്ത്തി സൂപ്പർ സ്റ്റാർ രജനി കാന്ത്. ഇത്തരമൊരു ചിത്രം സൃഷ്ടിച്ചതിൽ നന്ദിയുണ്ടെന്നും ചിത്രം തന്നെ ബാല്യകാല ഓർമകളിലേക്ക് തിരികെ കൊണ്ടു പോയെന്നുമാണ് രജനികാന്ത് അഭിപ്രായപ്പെട്ടത്. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രജനിയുടെ ഈ അഭിപ്രായപ്രകടനം. “മാരി സെൽവരാജിൻ്റെ ‘വാഴൈ’ കണ്ടു. വളരെക്കാലത്തിന് ശേഷം, തമിഴ് സിനിമയിൽ ഗംഭീരവും നിലവാരമുള്ളതുമായ ഒരു സിനിമ ഉയർന്നുവന്നിരിക്കുന്നു. ഈ ചിത്രത്തിലൂടെ മാരി സെൽവരാജ് ബാല്യകാലത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോയി. സിനിമ കണ്ടപ്പോൾ എൻ്റെ ഹൃദയം വേദനിച്ചു. ഈ സൃഷ്ടിയിലൂടെ മാരി സെൽവരാജ് എന്നും അറിയപ്പെടും.’ അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞു.

ബാല, സുധ കൊങ്കര, റാം, മിഷ്കിൻ തുടങ്ങിയ പ്രശസ്ത തമിഴ് സംവിധായകർ ‘വാഴൈ’ എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു..

മാമന്നന് ശേഷം മാരി സെൽവരാജ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമല്‍, പൊൻവേൽ എം, രാകുൽ ആർ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നവ്വി സ്റ്റുഡിയോയ്സ് , ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, ഫാർമേഴ്‌സ് മാസ്റ്റർ പ്ലാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ – മാരി സെൽവരാജ്, ഛായാഗ്രഹണം – തേനി ഈശ്വർ, സംഗീതം – സന്തോഷ് നാരായണൻ, എഡിറ്റർ – സൂര്യ പ്രഥമൻ. പിആർഒ – ശബരി. കഴിഞ്ഞയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചക്ക കൊണ്ടിരിക്കുന്നത്.