അടുത്ത മണി ഹെയിസ്റ്റും സ്‌ക്വിഡ് ഗെയിമുമെല്ലാം ഇന്ത്യയില്‍ നിന്നുമാകാനിടയുണ്ടെന്ന് നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫീസർ ടെഡ് സറാണ്ടോസ്. “വളരെ ക്രിയേറ്റീവായ കഥ പറച്ചിലുകാരുള്ള രാജ്യമാണ് ഇന്ത്യ, കഥ പറച്ചിലിന്റെ സമ്പുഷ്ടമായ ഒരു പാരമ്പര്യം തന്നെ ഇന്ത്യയ്ക്കുണ്ട്. ഈ കഴിവുകള്‍ ഉടന്‍ അംഗീകരിക്കപ്പെടും, അടുത്ത മണി ഹെയിസ്റ്റും സ്‌ക്വിഡ് ഗെയിമുമെല്ലാം ഇന്ത്യയില്‍ നിന്നുമാകാനിടയുണ്ട്.” അദ്ദേഹം പറഞ്ഞു. ഡല്‍ഹി ക്രൈം പോലുള്ള സീരീസുകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യന്‍ സംവിധായകരെ അഭിനന്ദിച്ചത്.
ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ഇത് പറഞ്ഞത്. ഡല്‍ഹി ക്രൈം പോലുള്ള സീരിസുകള്‍ക്ക് അന്താരാഷ്ട്ര എമ്മി അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഇന്ത്യന്‍ കഥപറച്ചിലുകാരുടെ കഴിവിനുള്ള അംഗീകാരം തന്നെയാണെന്നും നെറ്റ്ഫ്‌ലിക്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ഇന്റലിജന്റായ കഥകളെ നെറ്റ്ഫ്‌ലിക്‌സ് പ്രോത്സാഹിപ്പിക്കുമെന്നും ടെഡ് സറാണ്ടോസ് സൂചന നല്‍കി.
ഇന്ത്യയില്‍ നെറ്റ്ഫ്‌ലിക്‌സ് വളരെ പതുക്കെ മാത്രമാണ് ജനപ്രീതിയാര്‍ജിക്കുന്നതെന്ന നെറ്റ്ഫ്‌ലിക്‌സ് സിഇഒ റീഡ് ഹാസ്റ്റിംഗിന്റെ പ്രസ്താവനയ്ക്ക് ടെഡ് സറാണ്ടോസ് വിശദീകരണം നല്‍കി. അമേരിക്ക അടക്കമുള്ള എല്ലാ രാജ്യങ്ങളിലും നെറ്റ്ഫ്‌ലിക്‌സ് പോലൊരു പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത് വെല്ലുവിളി തന്നെയായിരുന്നു. ആളുകള്‍ ഈ പ്ലാറ്റ്‌ഫോമിനെ മനസിലാക്കി വരാനുള്ള സ്വാഭാവികമായ കാലതാമസം ഇന്ത്യയിലും ഉണ്ടായെന്നും ടെഡ് സറാണ്ടോസ് കൂട്ടിച്ചേര്‍ത്തു.