വീരോചിതം കോഹ്ലി; ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ടീം ഇന്ത്യ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.

ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പാക് പേസർമാർ തകർത്തെറിഞ്ഞപ്പോൾ ഇന്ത്യൻ ടോപ്പ് ഓർഡറിന് മറുപടി ഉണ്ടായില്ല. 6.1 ഓവറിൽ ഇന്ത്യക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുൽ (4) നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിൽ പ്ലെയ്ഡ് ഓൺ ആയപ്പോൾ രോഹിത് ശർമ (4) ഹാരിസ് റൗഫ് എറിഞ്ഞ നാലാം ഓവറിൽ ഇഫ്തിക്കാർ അഹ്‌മദിൻ്റെ കൈകളിൽ അവസാനിച്ചു. നന്നായി തുടങ്ങിയ സൂര്യകുമാർ യാദവിനെയും ഹാരിസ് റൗഫ് ആണ് പുറത്താക്കിയത്. 10 പന്തുകളിൽ 15 റൺസെടുത്ത സൂര്യ മുഹമ്മദ് റിസ്വാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. അഞ്ചാം നമ്പറിലെത്തിയ അക്സർ പട്ടേൽ (2) റണ്ണൗട്ടായി.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. സാവധാനം ആരംഭിച്ച വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും മുഹമ്മദ് നവാസ് എറിഞ്ഞ 12ആം ഓവറിൽ 3 സിക്സർ അടക്കം 20 റൺസ് അടിച്ച് ട്രാക്കിലെത്തി. എന്നാൽ, അവസാന ഓവറുകളിൽ തകർത്തെറിഞ്ഞ ഹാരിസ് റൗഫ് അടക്കമുള്ള പാക് പേസർമാർ ഇന്ത്യയെ നിയന്ത്രിച്ചുനിർത്തി. ഇതിനിടെ 43 പന്തുകളിൽ കോലി ഫിഫ്റ്റി തികച്ചു. ഷഹീൻ അഫ്രീദി എറിഞ്ഞ 18ആം ഓവറിൽ 3 ബൗണ്ടറികൾ അടക്കം 17 റൺസ് നേടിയ കോലി ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ, ഹാർദികിന് കൂറ്റൻ ഷോട്ടുകൾ കളിക്കാനായില്ല. ഹാരിസ് റൗഫ് എറിഞ്ഞ 19ആം ഓവറിൽ കോലി നേടിയ രണ്ട് സിക്സറുകൾ സഹിതം 15 റൺസ് നേടിയ ഇന്ത്യ അവസാന ഓവറിലെ വിജയലക്ഷ്യം 16 ആക്കി. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഹാർദ്ദിക് പാണ്ഡ്യയെ (37 പന്തിൽ 40) ബാബർ അസം പിടികൂടി. കോലിയുമൊത്ത് 113 റൺസിൻ്റെ നിർണായക കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഹാർദിക് മടങ്ങിയത്.