അഭിമാനം, പ്രതീക്ഷ: ടോക്കിയോ ഒളിമ്പിക്സിൽ പി വി സിന്ധുവിന് വെങ്കലം; ഹോക്കിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ ടീം

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്‌സ് വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകർത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-13, 21-15
ഈ വിജയത്തോടെ രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരമായും സിന്ധു മാറി. റിയോ ഒളിംപിക്സിൽ സിന്ധു വെള്ളിമെഡൽ ജേതാവാണ്.ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്.

ബോക്സിങ് സെമിയിലെത്തി ലവ്ലിന ബൊർഗോഹെയിനും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. സിന്ധുവിലൂടെ നേട്ടം മൂന്നായി. വനിതകൾവഴിയാണ് എല്ലാം. വിശ്വകായികമേളയുടെ ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ 31–-ാം മെഡലാണിത്.

സെമിയിൽ ചെെനീസ് തായ്–പേയുടെ തായ് സു യിങ്ങിനോട് തോറ്റ സിന്ധു, വെങ്കലത്തിനായുള്ള മത്സരത്തിൽ പിഴവുകൾ ആവർത്തിച്ചില്ല. കളിയിൽ ബിങ്ജിയാവോയ്–ക്കെതിരെ സമഗ്രാധിപത്യമായിരുന്നു. വേഗമേറിയ ചുവടിനൊപ്പം ഉശിരൻ സ്‌മാഷുകളും ഉതിർത്ത് സിന്ധു കളം നിറഞ്ഞു . 53 മിനിറ്റായിരുന്നു കളിയുടെ ആയുസ്സ്. ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പുകളിലുമായി ഏഴ് മെഡലാണ് സിന്ധു നേടിയത്.

പുരുഷ ഹോക്കി സെമിയിൽ പ്രവേശിച്ച് ഇന്ത്യ പുതുചരിത്രം രചിച്ചു. 1972നുശേഷം ആദ്യ സെമിയാണിത്. ക്വാർട്ടറിൽ ബ്രിട്ടനെ 3–1ന് പരാജയപ്പെടുത്തി. ദിൽപ്രീത് സിങ് (7), ഗുർജന്ത് സിങ് (16), ഹാർദിക് സിങ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. ബ്രിട്ടന്റെ ആശ്വാസ ഗോൾ 45-ാം മിനിറ്റിൽ സാമുവൽ വാർഡ് നേടി. റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയ, ജര്‍മനിയെ നേരിടും.

മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. 49 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒളിംപിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. 1972ലെ മ്യൂനിച്ച് ഒളിംപിക്‌സിലാണ് ഇന്ത്യ അവസാനമായി സെമി കളിച്ചത്. അന്ന് സെമിയില്‍ പാകിസ്ഥാനോട് തോല്‍ക്കുകയായിരുന്നു. 1980ല്‍ ഇന്ത്യ സ്വര്‍ണം നേടിയെങ്കിലും അന്ന് ആറ് ടീമുകള്‍ മാത്രമാണ് പങ്കെടുത്തത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരെ ഫൈനല്‍ കളിപ്പിക്കുകയായിരുന്നു. ഹോക്കിയില്‍ ഇന്ത്യ അവസാനം നേടിയ മെഡലും അതായിരുന്നു.