ഏഴാം ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന – പി.എസ്.ജി താരം ലയണൽ മെസ്സി. സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും താരം അലെക്‌സിയ പ്യുട്ടേലാസാണ് മികച്ച വനിതാ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവതാരം സ്പാനിഷ് ഫുട്‌ബോളറായ പെഡ്രി ഗോണ്‍സാലസാണ്. ക്ലബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ചെല്‍സി നേടി. മികച്ച സ്‌ട്രൈക്കർക്കുള്ള പുരസ്കാരം നേടിയ പോളണ്ടിന്റെ ബയേണ്‍ മ്യൂണിക്ക് ഗോള്‍മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഇറ്റലിയുടെ ചെല്‍സി മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ എന്നിവരെ പിന്തള്ളിയാണ് മെസ്സി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറായി മാറിയത്. ലെവന്‍ഡോസ്‌കി രണ്ടാമതും ജോര്‍ജീഞ്ഞോ മൂന്നാമതുമെത്തുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി പോര്‍ച്ചുഗലിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു ആദ്യ മൂന്നില്‍പ്പോലുമെത്താനായില്ല. റാങ്കിങില്‍ ആറാംസ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്.
ഫുട്‌ബോളിലെ ഏറ്റവും രാജകീയമായ പുരസ്‌കാരമായാണ് ബാലന്‍ ദി ഓര്‍ കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വോട്ട് ചെയ്താണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഫ്രാന്‍സ് ഫുട്‌ബോള്‍ ആണ് പുരസ്‌കാരം നല്‍കുന്നത്. കൊവിഡ് കാരണം കഴിഞ്ഞ തവണ പുരസ്‌കാരം നല്‍കിയിരുന്നില്ല.
ഇന്ന് പാരീസില്‍ നടന്ന ചടങ്ങില്‍ ആണ് ഈ വര്‍ഷത്തെ ജേതാവിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയും, കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായതുമാണ് മുൻ വർഷങ്ങളേക്കാൾ ശക്തമായ പോരാട്ടം കണ്ട ഇത്തവണ അവാർഡിന് മെസ്സിയെ അർഹനാക്കിയത്. അർജന്റീന ജേഴ്സിയിൽ ആദ്യത്തെ കിരീടനേട്ടം കൂടിയാണ് മെസ്സി കോപ്പ നേടിയതോടെ സ്വന്തമാക്കിയത്. കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ ഒരു ഗോളിന് തോൽപിച്ചാണ് അർജന്റീന കിരീടം ചൂടിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനവുമായി മിന്നിയ മെസ്സിയുടെ കാലിൽ നിന്നായിരുന്നു ഫൈനൽ മത്സരത്തിലെ ഏക ഗോളിനുള്ള അസിസ്റ്റ് പിറന്നത്.