ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ട്രിനിഡാഡില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ പോരാട്ടം നടക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തിൽ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഐ പി എൽ പ്രകടനങ്ങളിൽ ശ്രദേയരായ യശ്വസി ജെയ്‌സ്വാളും തിലക് വര്‍മ്മയും ഇന്ന് അരങ്ങേറ്റം കുറച്ചേക്കും. യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവരുടെ ബൗളിങ്ങും ഇന്ത്യയ്ക്ക് നിര്‍ണായകമാകും. രോഹിത് ശര്‍മക്കു പുറമെ വിരാട് കോഹ്‌ലി, ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി യുവതാരങ്ങളുടെ സജ്ജരാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ഇന്ത്യയ്ക്ക് റണ്‍മല കയറാന്‍ സാധിക്കും. ഇവര്‍ക്കൊപ്പം ജെയ്‌സ്വാളിന്റെയും തിലകിന്റെയും സാന്നിധ്യം ഇന്ത്യന്‍ വെടിക്കെട്ടിന് ആക്കം കൂട്ടും. ഇരുവരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരതായാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്.