IND vs NZ-സ്പിന്നർമാരുടെ മികവിൽ കിവീസിനെ 372 റൺസിന് കീഴടക്കി പരമ്പര സ്വന്തമാക്കി ഇന്ത്യ

രണ്ടാം ടെസ്റ്റില്‍ കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (1-0). കാൺപൂരിൽ നടന്ന ഒന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവുമാണിത്. 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ന്യൂസീലൻഡ്, 56.3 ഓവറിൽ 167 റൺസിന്‌ എല്ലാവരും പുറത്തായി. സ്‌കോര്‍: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേര്‍ഡ്, ന്യൂസീലന്‍ഡ് 62, 167.

അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലൻഡിന് 27 റൺസ് കൂടിയാണ്‌ ആകെ നേടാനായത്‌. ഇതിനിടയിൽ അഞ്ച്‌ വിക്കറ്റുകളും ഇന്ത്യൻ ബൗളർമാർ പിഴുതു. ഇതിൽ നാല്‌ വിക്കറ്റും ജയന്ത്‌ യാദവ്‌ നേടി. ഒരു വിക്കറ്റ്‌ അശ്വിൻ നേടി. ഒന്നാം ഇന്നിങ്‌സില്‍ വെറും 62 റണ്‍സിന് പുറത്തായ കിവീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റണ്‍സെടുത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.