ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയിട്ട് ഐസിസി. മാച്ച് ഫീസിന്റെ 10 ശതമാനം പിഴ ലഭിച്ചതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ രണ്ട് പോയിന്റും ഇന്ത്യക്ക് നഷ്ടമായി. നിശ്ചിത സമയത്ത് രണ്ടോവര്‍ കുറച്ചാണ് ഇന്ത്യ ബൗള്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തെറ്റ് അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. ഐസിസി നിയമപ്രകാരം ടെസ്റ്റില്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാതിരിക്കുന്ന ഓരോ ഓവറിനും കളിക്കാരില്‍ നിന്നും സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്നും അഞ്ച് ശതമാനം പിഴയാണ് ഈടാക്കുക
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ പരാജയം രുചിച്ചത്. രണ്ടു മത്സര പരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക മുമ്പിലെത്തി. ഇന്ത്യ – 245/10, 131/10, ദക്ഷിണാഫ്രിക്ക: 408/10 എന്നിങ്ങനെ ആയിരുന്നു സ്‌കോർ നില. അടുത്ത മാസം മൂന്നിന് കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
അതെ സമയം തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളിലും ഇന്ത്യക്ക് കനത്ത തിരിച്ചടി ഏറ്റു. സെഞ്ചൂറിയന്‍ ടെസ്റ്റിന് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് വീണു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ 14 പോയന്‍റും 38.90 വിജയശതമാവും മാത്രവുമായാണ് നിലവില്‍ ഇന്ത്യക്കുള്ളത്. സെഞ്ചൂറിയന്‍ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ രണ്ട് പോയന്‍റ് നഷ്ടമാകുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ്.