നെയ്മർ ഇല്ലാതെയും ബ്രസീലിനു മുന്നോട്ടു പോവാൻ സാധിക്കേണ്ടതുണ്ടെന്ന് കോച്ച് ഡോറിവല്‍ ജൂനിയര്‍

സൂപ്പർ താരം നെയ്മർ ഇല്ലാതെയും ഒരു ടീം എന്ന നിലയിൽ ബ്രസീലിനു മുന്നോട്ടു പോവാൻ സാധിക്കേണ്ടതുണ്ടെന്ന് നിയുക്ത കോച്ച്
ഡോറിവല്‍ ജൂനിയര്‍. ബ്രസീല്‍ ദേശീയ ടീമിന്റെ ഏറ്റവും പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ തന്നെ ഏറ്റവും വിജയിക്കുന്ന ടീമിനെയാണ് ഞാന്‍ ഇന്ന് പ്രതിനിധീകരിക്കുന്നത്. ലോകമെമ്പാടുമുള്ള ഒരുപാട് പേര്‍ക്ക് ഇത് പ്രചോദനമാവുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ വീണ്ടും വിജയിക്കേണ്ട ബാധ്യതയും ഞങ്ങള്‍ക്കുണ്ട്’, ഡോറിവല്‍ പറഞ്ഞു. ‘ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് അറിയാം. എന്നാല്‍ മാറ്റാന്‍ കഴിയാത്തതായുള്ള ഒന്നും ഇപ്പോഴില്ല. അതിനായുള്ള പരിഹാരങ്ങള്‍ തേടുകമാത്രമാണ് ചെയ്യാനുള്ളത്’, മുന്‍ സാവോപോളോ കോച്ച് വ്യക്തമാക്കി.

ഖത്തര്‍ വേള്‍ഡ് കപ്പിന് ശേഷം സ്ഥിരത പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ബ്രസീല്‍ ദേശീയ ടീമിന് പ്രതീക്ഷയേകി കഴിഞ്ഞ ദിവസങ്ങളിലാണ് പുതിയ സാവോ പോളോ എഫ്‌സിയുടെ ഹെഡ് കോച്ച് ആയിരുന്ന ഡാറിവല്‍ ജൂനിയർ കാനറികളുടെ പരിശീലകൻ ആയി അവരോധിക്കപ്പെടുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് താല്‍കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിനെ പുറത്താക്കിയിരുന്നു.
നേരത്തെ സാന്റോസ് എഫ്‌സി, ഫ്‌ളമെംഗോ, അത്‌ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ 61കാരന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.
സാവോ പോളോ, ഫ്‌ളമെംഗോ, സാന്റോസ് എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കൊപ്പം ബ്രസീലിയന്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്കയാണ് പുതിയ പരിശീലകനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് മുന്നോടിയായി ടീമിനെ ഒരുക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റ നെയ്മറിന് കോപ്പ അമേരിക്ക നഷ്ടമായേക്കും എന്നാണു റിപ്പോട്ടുകൾ. സൗദി ക്ലബ്ബ് അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്കെതിരേ ഇന്ത്യയില്‍ വന്ന് കളിക്കാനിരിക്കെയാണ് പരുക്കേറ്റത്. ഇതിനു മുമ്പ് ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഡിസംബറിലാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പരുക്കേറ്റത്,