അരങ്ങേറ്റം ഗംഭീരമാക്കി എറിക്‌സൺ; സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളിച്ച സൗഹൃദ മത്സരത്തിൽ വ്രെക്സാം ക്ലബിനെതിരെ വിജയം നേടി. ഇന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്. പുതിയ സൈനിംഗുകളായ എറിക്സണും ലിസാൻഡ്രോ മാർട്ടിനസും ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. എറിക്സൺ ആദ്യ പകുതിയിൽ യുണൈറ്റഡിനായി ഗോളും നേടി. എറിക്സണെ കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി യുവതാരം ഗർനാചോ, അമദ് ദിയാലോ, പ്രതിരോധ താരം ടെല്ലസ് എന്നിവർ ഗോൾ നേടി.

ദിവസങ്ങൾക്കു മുൻപാണ് മൂന്ന് വര്‍ഷത്തെ കരാറില്‍ 30കാരനായ എറിക്സനെ ബ്രെന്റ്ഫോഡിൽ യുണൈറ്റഡ് സ്വന്തമാക്കിയത്. കഴിഞ്ഞ യൂറോ കപ്പിനിടെയുണ്ടായ കാര്‍ഡിയാക് അറസ്റ്റായിരുന്നു താരത്തിന്റെ കരിയറില്‍ കാര്യമായ മാറ്റം വരുത്തിയത്. യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞ് വീണ എറിക്‌സണെ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു.പിന്നീട് ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു താരം ആശുപത്രി വിട്ടത്. ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചതാണ് താരത്തിന്റെ കരിയറിന് ബ്രേക്ക് വരാന്‍ കാരണമായത്. ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിക്കുന്ന താരങ്ങളെ ഇറ്റാലിയന്‍ ലീഗില്‍ കളിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന കാരണത്താല്‍ താരത്തിന്റെ അന്നത്തെ ക്ലബായിരുന്ന ഇന്റര്‍ മിലാനും എറിക്‌സണും തമ്മില്‍ പരസ്പരസമ്മതപ്രകാരം വഴി പിരിയുകയായിരുന്നു.

പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡിലാണ് എറിക്‌സണ്‍ എത്തിയത്. എന്നാല്‍ ബ്രന്റ്‌ഫോര്‍ഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയതോടെ പല പ്രമുഖ ക്ലബുകളും എറിക്‌സണ് മേല്‍ വീണ്ടും കണ്ണുവെച്ച് തുടങ്ങി. ഇതായിരുന്നു യുണൈറ്റഡിലേക്കുള്ള വഴി.