2024-ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്

ഐസിസി 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആണ് പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ടി 20 ക്രിക്കറ്റ് മാമാങ്കം. 20 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 56 മാച്ചുകളാണുണ്ടാവുക. ഒന്‍പത് വേദികളിലായാണ് മത്സരങ്ങള്‍. ഫൈനല്‍ ജൂണ്‍ 29ന് ബാര്‍ബഡോസില്‍ നടക്കും.

പ്രഥമ ടി20 ലോകകപ്പ് അരങ്ങേറിയ 2007ല്‍ ഇന്ത്യയാണ് ചാമ്പ്യന്‍മാര്‍ ആയത്. അന്ന് ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് യുവി. മാത്രമല്ല ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ അടിച്ച ശ്രദ്ധേയ പ്രകടനം ചരിത്രം സൃഷ്ടിച്ചിരുന്നു.

“യുവരാജ് ടി20 ലോകകപ്പ് അംബാസഡറാവുന്നതില്‍ അഭിമാനിക്കുന്നു. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ആദ്യമായി ഒരോവറില്‍ ആറ് സിക്‌സ് നേടിയ താരമായ അദ്ദേഹത്തിന്റെ പേര് ടി20 ലോകകപ്പ് രംഗത്ത് സുപരിചിതമാണ്.” നേരത്തേ ലോകകപ്പ് അംബാസഡര്‍മാരായി നിയമിച്ച ക്രിസ് ഗെയ്ല്‍, ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം യുവരാജിനെയും ചേര്‍ക്കുന്നുവെന്ന് അറിയിച്ച് കൊണ്ട് ഐസിസി വക്താവ് പറഞ്ഞു.
ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളുടേത് ഉള്‍പ്പെടെയുള്ള പ്രൊമോഷന്‍ പരിപാടികളില്‍ യുവരാജ് പങ്കെടുക്കും.