INDVSNZ-ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി അജാസ് പട്ടേൽ; ജിം ലോക്കറിന്റെയും കുംബ്ലെയുടെയും പത്ത് വിക്കറ്റ് നേട്ടത്തിനൊപ്പം

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് പ്രകടനവുമായി ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 325ന് പുറത്തായി. പത്ത് പേരെയും പുറത്താക്കിയത് മുംബൈയില്‍ ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ അജാസ് പട്ടേല്‍. ഇതോടെ ഇംഗ്ലണ്ട് താരം ജിം ലേക്കറിനും ഇന്ത്യൻ താരം അനിൽ കുംബ്ലെയ്ക്കും ശേഷം ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തുന്ന താരമായി അജാസ് മാറി. 47.5 ഓവറിൽ 119 റൺസ് വഴങ്ങി ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയ അജാസ് ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

150 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യൻ ടോപ്പ് സ്കോറർ. അക്‌സർ പട്ടേൽ (52), ശുഭ്‌മൻ ഗിൽ (44) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് തകർച്ച നേരിടുകയാണ്. 38 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്‌ടമായ അവർ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 287 റൺസ് പുറകിലാണ്. ഇന്ത്യക്കായി സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ, അക്‌സർ പട്ടേൽ, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയുടെ വിഖ്യാത സ്പിന്നർ അനിൽ കുംബ്ലെ അജാസ് പട്ടേലിന് അഭിനന്ദനങ്ങളുമായി ട്വിറ്ററിൽ രംഗത്തെത്തി.