മാര്‍ക്ക് ബൗച്ചറിനെ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

സൗത്ത് ആഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. മഹേല ജയവര്‍ധനയ്ക്ക് പകരക്കാരനായിട്ടാണ് ബൗച്ചര്‍ എത്തുന്നത്. സൗത്ത് ആഫ്രിക്കയുടെ പരിശീലകനായിരുന്ന ബൗച്ചര്‍ ലോകകപ്പ് ആരംഭിക്കാനിരിക്കെ ഈയിടെയാണ് സ്ഥാനം രാജിവെച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ബൗച്ചര്‍. ദക്ഷിണാഫ്രിക്കന്‍ പരിശീലകനായി 11 ടെസ്റ്റ്, 12 ഏകദിനം,23 ടി20കളില്‍ വിജയം നേടാന്‍ ബൗച്ചറിനായി.

മുംബൈയുടെ മുഖ്യ പരിശീലകനാകാന്‍ സാധിച്ചത് അംഗീകാരമായി കാണുന്നു. മുംബൈയുടെ ചരിത്രവും നേട്ടവും, അവരെ ലോകത്തിലെ ഏറ്റവും വിജയകരമായ ടീമായി മാറ്റുന്നു. മികച്ച താരങ്ങളും ഘടനയുമുളള ടീമാണ് മുംബൈ. ടീമിന്റെ വളര്‍ച്ചക്കായി എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും, മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ ബൗച്ചര്‍ പറഞ്ഞു. ‘ബൗച്ചറെ സന്തോഷത്തോടെ മൂംബൈയിലേക്ക് സ്വാഗതം ചെയ്യുന്നു. കളിക്കളത്തിലേയും പരിശീലകനായുമുളള നേട്ടവും അനുഭവ സമ്പത്തും മുംബൈയ്ക്ക് ഗുണവും മൂല്യവും നല്‍കും,’ റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.

ടെസ്റ്റില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഇപ്പോഴും ബൗച്ചറിന് സ്വതമാണ്, മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍ ഹെഡ്ഡായി മാറിയതോടെയാണ് ബൗച്ചറിന് അവസരം വന്നത്. സഹീര്‍ ഖാനെ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഡവലപ്‌മെന്റിന്റെ ഗ്ലോബല്‍ ഹെഡ്ഡാക്കുകയും ചെയ്തു.