ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം. പാകിസ്താൻ മുന്നോട്ടുവച്ച 148 റൺസ് വിജയലക്ഷ്യം 2 പന്തുകളും 5 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജഡേജയും ഹാർദ്ദിക്കും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 52 റൺസിൻ്റെ കൂട്ടുകെട്ട് കളിയിൽ നിർണായകമായി. പാകിസ്താനു വേണ്ടി മുഹമ്മദ് നവാസ് വിക്കറ്റ് വീഴ്ത്തി.
148 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ വിക്കറ്റ് പവര്‍ പ്ലേയിലെ രണ്ടാം പന്തില്‍ നഷ്ടമായി. അരങ്ങേറ്റക്കാരന്‍ നസീം ഷായുടെ രണ്ടാം പന്തില്‍ രാഹുല്‍ ബൗള്‍ഡായി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു. 24 പന്തില്‍ 29 റണ്‍സോടെ വിരാട് കോലിയും 11 പന്തില്‍ നാലു റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രീസില്‍. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. പക്ഷേ, ഇന്ത്യൻ ഇന്നിംഗ്സ് വളരെ സാവധാനത്തിലാണ് മുന്നേറിയത്. രോഹിതും വിരാടും ടൈമിങ് കണ്ടത്താൻ വിഷമിക്കുകയും പാക് ബൗളർമാർ തകർത്ത് എറിയുകയും ചെയ്തതോടെ ഇന്ത്യ പതറി. മോശം റൺ നിരക്ക് മറികടക്കാൻ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ഇരുവരും ഏറെ വൈകാതെ പുറത്താവുകയും ചെയ്തു.
മുഹമ്മദ് നവാസ് എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ഇഫ്തിക്കാർ അഹ്മദ് പിടി കൂടിയപ്പോൾ 10ആം ഓവറിലെ ഒന്നാം പന്തിൽ നവാസിനെതിരെ തന്നെ സിക്സറിനു ശ്രമിച്ച് കോലിയും മടങ്ങി. 34 പന്തുകളിൽ 3 ബൗണ്ടറിയും ഒരു സിക്സറും സഹിതം 35 റൺസെടുത്ത കോലിയെയും ഫ്തിക്കാർ അഹ്മദാണ് പിടികൂടിയത്. 18 പന്തുകളിൽ 12 റൺസെടുത്താണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മടങ്ങിയത്. അഞ്ചാം വിക്കറ്റിൽ ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി. 18ആം ഓവറിൽ ഒരു ബൗണ്ടറിയും ഒരു സിക്സറുമാണ് ജഡേജ കണ്ടെത്തിയത്. ഹാരിസ് റൗഫ് എറിഞ്ഞ 19 ആം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ മൂന്ന് ബൗണ്ടറികൾ കണ്ടെത്തിയതോടെ കളിയിൽ ഏറെക്കുറെ ഇന്ത്യ ജയമുറപ്പിച്ചു. 17 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 33 റൺസെടുത്ത ഹാർദ്ദിക് പാണ്ഡ്യ പുറത്താവാതെ നിന്നു.
അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 7 റൺസ്. നസീം ഷാ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ജഡേജ ക്ലീൻ ബൗൾഡ്. ക്രീസിൽ ദിനേശ് കാർത്തിക്. രണ്ടാം പന്തിൽ കാർത്തികിൻ്റെ സിംഗിൾ. മൂന്നാം പന്ത് ഡോട്ട്. നാലാം പന്തിൽ ലോംഗ് ഓണിനു മുകളിലൂടെ ഹാർദ്ദിക്കിൻ്റെ തകർപ്പൻ സ്ട്രോക്ക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.