‘ഈ ലോകകപ്പ് ഞാൻ കാണില്ല’: ഖത്തർ ലോകകപ്പിനെ വിമർശിച്ച് എറിക് കാന്റോണ

ഖത്തർ ലോകകപ്പിനെ വിമർശിച്ച് ഫ്രഞ്ച് ഫുട്ബാൾ താരവും അഭിനേതാവുമായ എറിക് കാന്റോണ രംഗത്ത്. ഖത്തർ ലോകകപ്പ് താൻ കാണില്ല എന്നും ഇങ്ങനെ ഒരു ലോകകപ്പിന് അംഗീകാരം കൊടുത്തത് ഇനിയും തനിക്ക് വിശ്വസിക്കാൻ ആകുന്നില്ല എന്നും കാന്റോണ പറഞ്ഞു. ഒരുപാട് പേരുടെ ജീവൻ ആണ് ഖത്തർ ലോകകപ്പിനായുള്ള ഒരുക്കത്തിൽ നഷ്ടമായത്. ആയിരക്കണക്കിന് ആൾക്കാർക്ക് ആണ് സ്റ്റേഡിയങ്ങൾ പണിയുമ്പോൾ ജീവൻ നഷ്ടമായത്. ഒരു മനുഷ്യത്വവും കണ്ടില്ല. എന്നിട്ടും ഈ ലോകകപ്പ് എല്ലാവരും ആഘോഷിക്കാൻ പോവുകയാണ്. കാന്റോണ പറഞ്ഞു.

“സത്യം പറഞ്ഞാൽ, അടുത്ത ലോകകപ്പിനെക്കുറിച്ച് ഞാൻ ശരിക്കും ശ്രദ്ധിക്കുന്നില്ല, എന്നെ സംബന്ധിച്ച് ഇതൊരു യഥാർത്ഥ ലോകകപ്പ് അല്ല. കഴിഞ്ഞ ദശകങ്ങളിൽ, റഷ്യയിലോ ചൈനയിലോ പോലെ ഉയർന്നുവരുന്ന രാജ്യങ്ങളിൽ ഒളിമ്പിക് ഗെയിംസ് അല്ലെങ്കിൽ ലോകകപ്പ് പോലുള്ള നിരവധി ഇവന്റുകൾ നിങ്ങൾക്ക് ഉണ്ടായിരുന്നു, എന്നാൽ ഖത്തർ ഒരു ഫുട്ബോൾ രാജ്യമല്ല. 90 കളിലെ ദക്ഷിണാഫ്രിക്കയിലോ അമേരിക്കയിലോ പോലെ ഫുട്ബോൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സാധ്യതയുള്ള ഒരു രാജ്യത്ത് ലോകകപ്പ് സംഘടിപ്പിക്കുന്ന ആശയത്തിന് ഞാൻ എതിരല്ല.” അദ്ദേഹം പറഞ്ഞു.

ഫുട്ബോൾ സുന്ദരമായ കാര്യമാണ്. അവിടെ മാത്രമാണ് എല്ലാവർക്കും അവസരം ലഭിക്കുന്നത്. അത് മാറി പണം മാത്രം ആണ് വലുത് എന്ന് തെളിയിക്കുന്നതാണ് ഖത്തർ ലോകകപ്പ് എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബാൾ ക്ലബ് ഇതിഹാസം പറഞ്ഞു. അലക്സ് ഫെർഗൂസന് കീഴിൽ അഞ്ച് വർഷം യുണൈറ്റഡിൽ ചെലവിട്ട കന്റോണ നാല് പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്.