ലൂക്ക മോഡ്രിച്ചും സ്പാനിഷ് യുവ രക്തങ്ങളും നേർക്ക് നേർ; യൂറോയിൽ ഇന്ന് തീ പാറും പോരാട്ടം

യൂറോ കപ്പ് ഫുട്ബോളിലെ മരണ ഗ്രൂപ്പില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ആദ്യ മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യ മുൻ ചാമ്പ്യൻമാരായ സ്പെയിനെ നേരിടുമ്പോള്‍ രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇറ്റലിക്ക് അല്‍ബേനിയയാണ് എതിരാളികള്‍.

യൂറോ കപ്പിൽ മരണഗ്രൂപ്പ് ഇത്തവണ ഗ്രൂപ്പ് ബി ആണ് . നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി, മുൻ ചാമ്പ്യൻമാരായ സ്പെയ്ൻ, ക്രൊയേഷ്യ എന്നിവർക്കൊപ്പം അൽബേനിയ കൂടി ചേരുമ്പോൾ ഗ്രൂപ്പ് ബി മരണക്കളമാവും. ക്രൊയേഷ്യ-സ്പെയ്ൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് ബിയിലെ കൂട്ടപ്പൊരിച്ചിലിന് തുടക്കമാവുക. നായകൻ ലൂക്ക മോഡ്രിച്ച് ഉൾപ്പടെയുള്ള സുവർണ തലമുറ താരങ്ങൾക്കൊപ്പം യൂറോപ്യൻ ചാമ്പ്യൻമാരാവാനുള്ള തയ്യാറെടുപ്പിൽ ക്രൊയേഷ്യവയും, യൂറോപ്യൻ ക്ലബ് ഫുട്ബോൾ ലോകം അടക്കി വാഴുന്ന യുവ താരനിരയുമായി സ്പെയിനും നേർക്ക് നേർ എത്തുമ്പോൾ പോരാട്ടം കനക്കും എന്നുറപ്പ്. കഴിഞ്ഞ യൂറോ കപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്പെയ്നോട് തോറ്റതിന്റെ മധുരപ്രതികാരവും ക്രൊയേഷ്യൻ നിര ലക്‌ഷ്യം വെക്കുന്നുണ്ട്.

നാലാം കിരീടം ലക്ഷ്യമിടുന്ന സ്പെയ്ൻ യുവതാരങ്ങളുടെ ബൂട്ടുകളിലേക്കാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ലോക ഫുട്ബോളിലുണ്ടായിരുന്ന ആധിപത്യം തിരിച്ചുപിടിക്കണമെങ്കില്‍ സ്പെയിന് ഈ യൂറോ കിരീടം അനിവാര്യം ആണ്.

അതേസമയം ആദ്യ മത്സരത്തിൽ ഗ്രൂപ്പിലെ ദുർബലരായ അൽബേനിയയെ കിട്ടിയത് ഇറ്റലിക്ക് ആശ്വാസം ആണ്. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാതെ തലകുനിച്ച ഇറ്റാലിയൻ നിരയിൽ ഏറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. അവസാന ആറ് മത്സരങ്ങളില്‍ തോല്‍വി വഴങ്ങാതെയാണ് ഇറ്റലിയുടെ വരവ്. മരണ ഗ്രൂപ്പില്‍ ആവുംവിധം വമ്പന്‍മാരുടെ വഴിമുടക്കലാകും അൽബേനിയയുടെ ലക്ഷ്യം. കരുത്തരായ ഇറ്റലിക്കെതിരെ ഫിഫ റാങ്കിങ്ങില്‍ അറുപത്തിയാറാമതുള്ള അൽബേനിയ കാത്തുവച്ചിരിക്കുന്നത് എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.