ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രോഹിത് ശര്‍മ്മയുടെ മോശം പ്രകടനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും, ബിസിസിഐ മുൻ പ്രസിഡന്‍റും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ടീം ഡയറക്‌ടറുമായ സൗരവ് ഗാംഗുലി. ‘ടി20 ലോകകപ്പിന് ഇന്ത്യയുടേത് ഏറ്റവും മികച്ച ടീമാണ്. ലോകകപ്പില്‍ രോഹിത് ശര്‍മ മികച്ച രീതിയില്‍ തന്നെ കളിക്കും. വലിയ ടൂര്‍ണമെന്‍റുകളില്‍ എന്നും നല്ലപോലെ കളിക്കുന്ന താരം കൂടിയാണ് രോഹിത്. ലോകകപ്പ് പോലൊരു വേദിയിലേക്ക് എത്തുമ്പോള്‍ രോഹിത് താളം കണ്ടെത്തുക തന്നെ ചെയ്യും’- ഗാംഗുലി പറഞ്ഞു. ഈ സീസണിൽ മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നില്ല. ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്ന രോഹിത്തിന്റെ മോശം ഫോം ആശങ്ക ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രോഹിത്തിനെ പിന്തുണച്ച് ഗാംഗുലി രംഗത്തെത്തിയത്.
ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ മറ്റൊരു മോശം സീസണ്‍ ആണ് ഇത്തവണത്തേത്. ഇക്കൊല്ലം ഇതുവരെ കളിച്ച 13 കളികളില്‍ നിന്നും മുംബൈ ഓപ്പണര്‍ക്ക് നേടാനായത് 29.08 ശരാശരിയില്‍ 349 റണ്‍സാണ്. മികച്ച രീതിയില്‍ സീസണ്‍ തുടങ്ങിയെങ്കിലും പിന്നീട് ഇതേ മികവ് ആവര്‍ത്തിക്കാൻ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്. ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ജൂണ്‍ ഒന്നിനാണ് ഇത്തവണത്തെ ടി20 ലോകകപ്പ് ആരംഭിക്കുന്നത്.